കനത്ത കാറ്റിൽ കൊട്ടിയൂർ കേളകം കണിച്ചാർ,പേരാവൂർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം
കൊട്ടിയൂർ : കനത്ത കാറ്റിൽ കൊട്ടിയൂർ , കേളകം , കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. മണത്തണ അമ്പായത്തോട് മലയോര ഹൈവേ റോഡിൽ പല സ്ഥലങ്ങളിലും മരം കടപുഴകി വീണ് ഗതാഗത തടസ്സം രൂപപ്പെട്ടു. വൈദ്യുതി തൂണുകളും ലൈനുകളും വ്യാപകമായി തകർന്നതിനാൽ പലസ്ഥലത്തും വൈദ്യുതി ബന്ധം പാടേ തകർന്നു.
തിങ്കളാഴ്ച 12 മണിയോടെ വീശിയടിച്ചകാറ്റിലാണ് മലയോര പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം ഉണ്ടായത് . പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയില്‍ കുറുമ്പുറത്ത് ജോമിഷിന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. പേരാവൂര്‍ തെരുവത്ത് തേക്ക് മരം ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി വീണു. കണിച്ചാര്‍ ചാണപ്പാറ ചന്ദമാംകുന്നില്‍ റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. മണത്തണ അമ്പായത്തോട് മലയോര ഹൈവേയിൽ പലയിടത്തും ഗതാഗത തടസം ഉണ്ടായി. കൊട്ടിയൂർ ക്ഷേത്രത്തിന് അടുത്തും കണ്ടപ്പുനത്തും വൈദ്യുതി പോസ്റ്റും മരങ്ങളും വീണ് ഗതാഗത തടസ്സം ഉണ്ടായി. കൊട്ടിയൂർ മേഖലയിൽ വൻ കൃഷിനാശവും ഉണ്ടായി.
കേളകം പഞ്ചായത്തിലെ ഇരുപതോളം സ്ഥലങ്ങളിൽ ആണ് മരം വീണത്. മിക്ക സ്ഥലങ്ങളിലും സമാനപ്രശ്നം ആയതിനാൽ നാട്ടുകാർ ഉൾപ്പെടെയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.