കയറും ലോഹവസ്തുവും കണ്ടെത്തി; അര്‍ജുന്റെ ലോറിയെന്ന് സംശയത്തില്‍ പ്രദേശത്ത് മണ്ണെടുക്കുന്നു; ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍

കയറും ലോഹവസ്തുവും കണ്ടെത്തി; അര്‍ജുന്റെ ലോറിയെന്ന് സംശയത്തില്‍ പ്രദേശത്ത് മണ്ണെടുക്കുന്നു; ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍





അങ്കോല: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി നടത്തിയ തിരച്ചിലില്‍ ലോഹത്തിന് സമാനമായ വസ്തു കണ്ടെത്തി. ലോറിയില്‍ കെട്ടുന്ന വടത്തിന് സമാനമായ കയറും കണ്ടെത്തിയിട്ടുണ്ട്. ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഇതോടെ പ്രദേശത്തുള്ള മണ്ണു നീക്കുന്നത് തുടങ്ങിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അല്‍പ്പസമയത്തിനകം അപകടസ്ഥലത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടു.

ഷിരൂര്‍ പുഴയിലാണ് ലോഹവസ്തു കണ്ടെത്തിയത്. അതേസമയം ലോറിയില്‍ തടിക്കെട്ടാന്‍ ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള കയറും കണ്ടെത്തിയിട്ടുണ്ട്. ഇതും അര്‍ജുന്റെ ലോറിയുടേതാകാം എന്നും സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് മണ്ണു നീക്ക് പരിശോധന നടത്തുന്നത്.

അതേസമയം ലോറി കണ്ടെത്തിയതിന് ഇതുവരെ കൃത്യമായ സ്ഥിരീകരണമില്ലെന്ന് സംഭവ സ്ഥലത്തുള്ള മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്റഫ് പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങളില്‍നിന്ന് പതിവില്‍നിന്ന് വിപരീതമായ ചില ആത്മവിശ്വാസം തനിക്ക് തോന്നിയതായും അഷറഫ് പ്രതികരിച്ചു.

‘കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ തയ്യാറെടുപ്പുകളോടെയാണ് ഇന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്. രാവിലെ കര്‍ണാടക ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എന്നെയും പങ്കെടുപ്പിച്ചിരുന്നു. അവരുടെ സംസാരത്തില്‍ ആത്മവിശ്വാസമുണ്ട്. എല്ലാവരും ഒരു സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ദുരന്തം നടന്നതിന് ശേഷം ഇത്തരത്തില്‍ ഇതാദ്യമാണ്’ – എം.എല്‍.എ പറഞ്ഞു.

കൂറ്റന്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പുഴക്കരികിലെ മണ്ണ് നീക്കി തുടങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലായത്. 61 അടി താഴ്ചയില്‍ വരെ മണ്ണെടുക്കാന്‍ കഴിയുന്ന യന്ത്രമാണിത്. രാവിലെ എത്തേണ്ടതായിരുന്നെങ്കിലും എക്‌സ്‌കവേറ്റര്‍ കൊണ്ടു വരുന്ന വാഹനം വഴിയില്‍ തകരാറിലായതിനെ തുടര്‍ന്നാണ് വൈകിയത്. ഷിരൂരില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ ഹുബ്ബള്ളി കാര്‍വാര്‍ പാതയിലാണ് എക്‌സ്‌കവേറ്റര്‍ കുടുങ്ങിയത്. കൂടാതെ, ഗംഗാവാലി പുഴയില്‍ ചെറുബോട്ടുകള്‍ ഉപയോഗിച്ച് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

അതേസമയം, ഷിരൂരിലെ അപകടത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോടെ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി വിശദീകരണം തേടി. വിഷയം എം.കെ.രാഘവന്‍ എം.പിയാണ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. കഴിഞ്ഞ 16നാണ് അങ്കോലയില്‍ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവര്‍മാര്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിര്‍ത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 12 പേരാണ് മരിച്ചത്.

അപകടം നടന്ന് വാഹനങ്ങള്‍ മണ്ണിനടിയിലായിട്ടും കാര്യമായ രക്ഷാപ്രവര്‍ത്തനം നടന്നിരുന്നില്ല. അര്‍ജുന്റെ തിരോധാനം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായത്.