ചിറ്റൂര്‍ പുഴയുടെ നടുവില്‍ പാറയില്‍ നാലുപേര്‍ കുടുങ്ങിപ്പോയി ; അതിസാഹസിക ദൗത്യത്തില്‍ എല്ലാവരേയും രക്ഷിച്ച് അഗ്നിശമനസേന

ചിറ്റൂര്‍ പുഴയുടെ നടുവില്‍ പാറയില്‍ നാലുപേര്‍ കുടുങ്ങിപ്പോയി ; അതിസാഹസിക ദൗത്യത്തില്‍ എല്ലാവരേയും രക്ഷിച്ച് അഗ്നിശമനസേന


പാലക്കാട്: ഉത്തരേന്ത്യയില്‍ കുത്തൊഴുക്കില്‍ ഒരു കുടുംബം ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ നല്‍കിയ നടുക്കം മാറുന്നതിന് മുമ്പ് കേരളത്തിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് സമാന സംഭവം പാലക്കാട്ടും. ചിറ്റൂര്‍ പുഴയില്‍ നടുവില്‍ പാറയില്‍ കുടുങ്ങിപ്പോയ നാലുപേരെ അഗ്നിശമന സേനാ അംഗങ്ങള്‍ എത്തി രക്ഷപ്പെടുത്തി. അതിശക്തമായ ഒഴുക്കിനെ അതിജീവിച്ച് അരമണിക്കൂര്‍ നീണ്ട സാഹസീകമായ രക്ഷാപ്രവര്‍ത്തനമായിരുന്നു.

പ്രായമായ രണ്ടുപേര്‍ ഉള്‍പ്പെടെയാണ് കുടുങ്ങിയത്. ശക്തമായ ​ഒഴുക്കില്‍ ഒരു പാറയുടെ മുകളില്‍ 40 മിനിറ്റോളം ഇവര്‍ കുടുങ്ങിപ്പോയി. പുഴയുടെ നടുവില്‍ ആള്‍ക്കാര്‍ കുടുങ്ങിയെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ ദ്രൂതഗതിയില്‍ നീക്കം നടത്തുകയും അഗ്നിശമനസേനാവിഭാഗം എത്തുകയുമായിരുന്നു. നര്‍ണി ആലാംകടവ് കോസ്‌വേയ്ക്ക് താഴെയായിരുന്നു കുടുങ്ങിയത്. രാവിലെ പാലക്കാട് പ്രദേശങ്ങളിലും സമീപത്തെ തമിഴ്നാടിന്റെ ഭാഗങ്ങളിലും ഉണ്ടായ കനത്തമഴയാണ് ഒഴുക്കു കൂടാന്‍ കാരണമായത്. പിന്നാലെ മൂലത്തുറ റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടത് പുഴയില്‍ ജലനിരപ്പ് പെട്ടെന്ന് കൂടാന്‍ ഇടയായി. വടം കെട്ടി ലൈഫ് ജാക്കറ്റും ധരിപ്പിച്ചാണ് നാലുപേരെയും രക്ഷപ്പെടുത്തിയത്.

ആദ്യം ഒരു പുരുഷനെയും രണ്ടാമത് പ്രായമായ സ്ത്രീയെയും പിന്നാലെ മറ്റു രണ്ടുപേരെയും രക്ഷിച്ചു. നാലുപേരും മൈസൂരില്‍ നിന്നും എത്തിയവരായിരുന്നെന്നാണ് പ്രാഥമികവിവരം. ഇവര്‍ എങ്ങിനെ ഇവിടെ എത്തി എന്ന വിവരം പുറത്തുവന്നിട്ടില്ല. അപ്രതീക്ഷിതമായി ഒഴുക്കു കൂടിയതോടെ നാലുപേരും ഒരു പാറയുടെ മുകളില്‍ കയറി നില്‍ക്കുകയായിരുന്നു. പാലക്കാട് കനത്തമഴയെയും കെടുതികളെയും തുടര്‍ന്ന് ഈ പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഈ കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല എന്ന് വേണം കരുതാന്‍.

ആള്‍ക്കാര്‍ കുടുങ്ങിയ കാര്യം അറിഞ്ഞപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത എത്തുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ആയിരുന്നു. പിന്നീട് ഒഴുക്കിനെ അതിജീവിച്ച് നാലുപേരെയും രക്ഷപ്പെടുത്തി. ഏറെ ശ്രമകരമായ ദൗത്യം അരമണിക്കൂറോളം നീണ്ടു നിന്നു. വിവരമറിഞ്ഞപ്പോള്‍ തന്നെ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലില്‍ മന്ത്രി സേനാംഗങ്ങളെ അഭിനന്ദിച്ചു.