ദുബായ് മറീനയിൽ ഒഴുകാൻ ‘ആസിഫ് അലി’: ആഡംബര നൗകയ്ക്ക് നടന്റെ പേര്
ആഡംബര നൗകയ്ക്ക് ഇനി ആസിഫ് അലിയുടെ പേര്. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നൽകിയത്. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ഈ വിഷയം നടൻ കൈകാര്യം ചെയ്ത രീതി പ്രശംസയ്ക്ക് ഇടംനേടിയിരുന്നു. ഇതിന് ആദരമായാണ് നൗകയിൽ ആസിഫ് അലിയുടെ പേര് പതിപ്പിച്ചത്. റജിസ്ട്രേഷൻ ലൈസൻസിലും പേര് മാറ്റും.
വർഗീയവിദ്വേഷം അഴിച്ചുവിടാൻ പലരും ശ്രമിച്ചു. എന്നാൽ ആ ഘട്ടങ്ങളെ ആസിഫ് അലി പുഞ്ചിരിയോടെ നേരിട്ടുവെന്നും ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.