കോഴിക്കോട്: കോഴിക്കോട് കുറ്റിയാടി ചുരത്തില്‍ കാറിന്‍റെ ഡോറിലും ബോണറ്റിലും കയറി യുവാക്കളുടെ അഭ്യാസ പ്രകടനം. തമിഴ്നാട് രജിസ്ട്രേഷന്‍ കാറിലാണ് യുവാക്കള്‍ ചുരത്തിലൂടെ അപകടകരമായി യാത്ര ചെയ്തത്. കോയമ്പത്തൂര്‍ രജിസ്ട്രേഷന്‍ കാറിലായിരുന്നു യാത്ര. തമിഴ്നാട് സ്വദേശികളായ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു കാറില്‍ അഭ്യാസ പ്രകടനം നടത്തിയത്.
ചുരത്തില്‍ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊട്ടില്‍പാലം പൊലിസെത്തി കാറും അതിലുണ്ടായിരുന്ന അഞ്ച് പേരേയും കസ്റ്റഡിയില്‍ എടുത്തു. BNS 281 വകുപ്പ് പ്രകാരം അപകടകരമായി വാഹനം ഓടിച്ചതിനും യാത്രക്കാര്‍ക്ക് ശല്യം ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയതിനും യുവാക്കള്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ ഒഴികെ മറ്റുള്ളവര്‍ മദ്യ ലഹരിയിലായിരുന്നെന്ന് തൊട്ടില്‍പാലം പൊലീസ് അറിയിച്ചു.
കരൂര്‍, കോയമ്പത്തൂര്‍, നാമക്കല്‍ സ്വദേശികളായ അരവിന്ദന്‍, ധനുഷ്, ദക്ഷിണാമൂര്‍ത്തി, ഗോകുല്‍, പരണീധരന്‍ എന്നിവരാണ് ചുരത്തില്‍ കാറിൽ അഭ്യാസം നടത്തിയത്. ഇവര്‍ കോയമ്പത്തൂരിലെ ഒരു കോളേജിലെ വിദ്യാർഥികളാണ്. ടി എന്‍ 37 CP എന്ന രജിസ്ട്രേഷനിലുള്ള മാരുതി ബലാനൊ കാറിലായിരുന്നു വിദ്യാർഥികൾ അഭ്യാസ പ്രകടനം നടത്തിയത്.