പ്രതിഷേധിച്ച സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടാൻ ടിപ്പർ ഡ്രൈവറുടെ ശ്രമം, ക്വാറി വേസ്റ്റിട്ട് പകുതിയോളം മൂടി


പ്രതിഷേധിച്ച സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടാൻ ടിപ്പർ ഡ്രൈവറുടെ ശ്രമം, ക്വാറി വേസ്റ്റിട്ട് പകുതിയോളം മൂടി


ഭോപ്പാൽ: പ്രതിഷേധിച്ച സ്ത്രീകളുടെ മേൽ ക്വാറി വേസ്റ്റ് തട്ടി ടിപ്പർ ലോറി ഡ്രൈവർ. രണ്ട് സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടാനായിരുന്നു പദ്ധതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഭൂമി തർക്കത്തെ തുടർന്നാണ് രേവ ജില്ലയിലെ ഹിനൗതയിൽ ആക്രമണം ഉണ്ടായത്. മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളുടെ പകുതി വരെയാണ് ചരൽ കൊണ്ട് മൂടിയത്. ഒടുവിൽ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. അപ്പോഴേക്കും ഒരു സ്ത്രീക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ഗ്രാമത്തിലെ ഒരു റോഡ് നിർമ്മാണ പദ്ധതി സ്ത്രീകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. സ്ഥലം പാട്ടത്തിനെടുത്തതാണെന്നും നിർമാണത്തെ എതിർത്തുവെന്നും ഇവർ പറഞ്ഞു.

എന്നാൽ ഇവരുടെ എതിർപ്പുകൾ അവഗണിച്ച് കരിങ്കല്ല് കൊണ്ടുവന്നതോടെ സ്ഥിതിഗതികൾ വഷളായി. സംഭവത്തിൻ്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. പരിക്കേറ്റ ഇവരെ പിന്നീട് ഗംഗേവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് കൊണ്ടുപോയി. പരാതിയുയർന്നതോടെ മുതിർന്ന പൊലീസ് ഓഫീസർ വിവേക് ​​ലാൽ അന്വേഷണം പ്രഖ്യാപിച്ചു.  പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ല് ഇടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇരകൾ നൽകിയ പരാതിയിൽ പറയുന്നു. ഗൗകരൻ പ്രസാദ് പാണ്ഡെ, മഹേന്ദ്ര പ്രസാദ് പാണ്ഡെ തുടങ്ങിയ നിരവധി വ്യക്തികൾ തങ്ങളെ ആക്രമിക്കുകയും  കുഴിച്ചിടാൻ ഡമ്പർ ഡ്രൈവറോട് ഉത്തരവിടുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു. അന്വേഷണം സമഗ്രമായി നടക്കുന്നുണ്ടെന്നും സാക്ഷി മൊഴികൾ വിശകലനം ചെയ്യുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.