ഇരിട്ടി: കനത്തമഴയിൽ പുഴയിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെ പഴശ്ശി ഡാമിന്റെ 16 ഷട്ടറുകളും തുറന്ന് അധിക വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടാൻ തുടങ്ങി. എട്ട് ഷട്ടറുകൾ പൂർണതോതിൽ തുറന്നും എട്ടെണ്ണം ഒരുമീറ്റർ ഉയർത്തിയുമാണ് വെള്ളം ഒഴുക്കുന്നത്.
രണ്ട് ദിവസങ്ങളായി കുടക്, കണ്ണൂർ ജില്ല അതിർത്തിവനങ്ങൾ ഉൾപ്പെടുന്ന പഴശ്ശിയുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് ഡാമിലേക്ക് കനത്ത ഒഴുക്കുണ്ടായത്. സെക്കൻഡിൽ 1500 ക്യുബിക് മീറ്റർ വെള്ളം ഡാമിലെത്തുന്നുണ്ട്.
ഷട്ടറുകൾ വഴി സെക്കൻഡിൽ 1460 ക്യുബിക് വെള്ളം തുറന്ന് വിടുകയാണ്. നീരൊഴുക്കിന്റെ 40 ശതമാനം മാത്രമാണ് സംഭരിക്കുന്നത്. മഴയുടെ തോതനുസരിച്ച് ഡാമിൽ വെള്ളം നിയന്ത്രിച്ച് നിർത്തുമെന്നും തോരാമഴ കണക്കിലെടുത്ത് ജലനിരപ്പ് നിരീക്ഷണത്തിലാണെന്നും പഴശ്ശി പദ്ധതി അധികൃതർ അറിയിച്ചു