കൊച്ചി: ആലുവയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച സംഭവത്തിലെ ദുരൂഹത നീക്കാന്‍ നെടുമ്പാശേരി പോലീസ് വിശദമായ അന്വേഷണമാരംഭിച്ചു. ഓണ്‍ലൈന്‍ ഗെയിമിലെ സാഹസിക പ്രകടനം അനുകരിച്ചതാണ് മരണത്തിനിടയാക്കിയതെന്ന സംശയത്തെത്തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആലുവ ചെങ്ങമനാട് കപ്രശേരിയില്‍ കഴിഞ്ഞ ദിവസമാണ് പതിനഞ്ചുകാരന്‍ ആഗ്‌നലിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഴക്കോട്ടിനാല്‍ ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്കു ബന്ധിച്ച്, വായ ടേപ്പു കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓണ്‍ലൈന്‍ ഗെയിമിലെ സാഹസികപ്രകടനം അനുകരിച്ചതാണോ മരണത്തിനിടയാക്കിയതെന്ന സംശയം ഇതോടെ ബലപ്പെട്ടു.
മകന്‍ മൊബൈല്‍ഫോണ്‍ ധാരളമായി ഉപയോഗിച്ചിരുന്നെന്നും ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നതായി അറിയില്ലെന്നും ആഗ്‌നലിന്റെ അച്ഛന്‍ ജെയ്മി പറഞ്ഞു. അതേസമയം കുട്ടി ഉപയോഗിച്ച ഫോണില്‍നിന്ന് സാഹസികപ്രകടനത്തിനു പ്രേരിപ്പിക്കുന്ന ഒരു ഗെയിം കണ്ടെടുത്തിട്ടുണ്ടെന്നാണു വിവരം. ഈ ഫോണാണ് പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
ജെയ്മിയുടെ ഫോണില്‍ രഹസ്യനമ്പറുണ്ടാക്കിയാണ് അഗ്‌നല്‍ ഗെയിം കളിച്ചിരുന്നതെന്നു പറയുന്നു. അമ്മയുടെ ഫോണില്‍ ഡെവിള്‍ എന്ന പേരിലുള്ള ഗെയിം കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലേക്കു വരുന്നവഴി മറ്റൊരു ഫോണില്‍നിന്ന് അഗ്‌നല്‍ ജെയ്മിയെ വിളിച്ചിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായ ജെയ്മി കളമശേരിയില്‍നിന്ന് ഓട്ടം കഴിഞ്ഞു വരികയാണെന്നും ഉടനെ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. വീട്ടിലെത്തിയ അഗ്‌നല്‍ അമ്മ ജിനിയോടു കുടുംബവിശേഷങ്ങള്‍ പറഞ്ഞു.
മംഗലാപുരത്ത് നഴ്‌സിങിനു പഠിക്കുന്ന സഹോദരി എയ്ഞ്ചലിനെ കാണാന്‍ ശനിയാഴ്ച കുടുംബസമേതം പോകാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി പലഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നു ജിനി. ഇതിനിടെയാണ് അഗ്‌നല്‍ കിടപ്പുമുറിയിലേക്കു പോയത്. കുറച്ചു കഴിഞ്ഞ് ജെയ്മിയും വീട്ടിലെത്തി. അഗ്‌നലിനെ കാണാന്‍ മുറിയിലെത്തിയപ്പോള്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും വാതില്‍ തുറന്നില്ല.
സംശയം തോന്നിയ ജെയ്മി വീടിന്റെ മുകള്‍നിലയില്‍ വാടകയ്ക്കു താമസിക്കുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ അഗ്‌നലിനെ കണ്ടെത്തിയത്.