കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ച സംഭവം; പൊലീസുകാരന് സസ്പെൻഷന്‍, വധശ്രമത്തിന് കേസ്

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ച സംഭവം; പൊലീസുകാരന് സസ്പെൻഷന്‍, വധശ്രമത്തിന് കേസ്



കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കാറിന്‍റെ ബോണറ്റിൽ ഇരുത്തി കൊണ്ടുപോയ പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു. കണ്ണൂർ എ ആർ ക്യാമ്പ് ഡ്രൈവർ സന്തോഷിനെയാണ് സസ്പെൻ്റ് ചെയ്തത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ സന്തോഷിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാർ പമ്പ് ജീവനക്കാരൻ അനിൽ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരന്‍റെ പരാക്രമം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ചപ്പോള്‍ അനിലിനെയും കൊണ്ട് കാർ ഏറെ ദൂരം മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിൻ്റെ നിയന്ത്രണം വിട്ടു എന്നാണ് കാരണം പറഞ്ഞത്.