അർജുന്റെ ലോറി പുഴയിലാകാമെന്ന് കളക്ടർ: പുഴയിലും കരയിലും പരിശോധന; ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉടനെത്തും


അർജുന്റെ ലോറി പുഴയിലാകാമെന്ന് കളക്ടർ: പുഴയിലും കരയിലും പരിശോധന; ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉടനെത്തും


ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി പുഴയിൽ തെരച്ചിൽ നടത്തി സ്കൂബ ഡൈവേഴേ്സ്. അർജുനെ കാണാതായിട്ട് ഇന്നേയ്ക്ക് ഏഴുദിവസം പിന്നിടുന്നു. ​മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ​ഗം​ഗം​ഗാവലി പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. സൈന്യത്തിന്റെ ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉടനെത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

ഇത് ഉപയോ​ഗിച്ച് സൈന്യം ആദ്യം കരയിൽ തെരച്ചിൽ നടത്തും. ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. അർജുന്റെ രക്ഷാപ്രവർത്തനത്തിനായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ  ബെഞ്ച് ഹർജി പരി​ഗണിക്കും. 

അർജുനെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്ന് എംകെ രാഘവൻ എംപി വ്യക്തമാക്കി. അതേ സമയം അർജുന്റെ വാ​ഹനം പുഴയിലാകാമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. വാഹനം കരയിലുണ്ടാകാൻ 99 ശതമാനവും സാധ്യതയില്ലെന്നും കളക്ടർ പറഞ്ഞു. അവ്യക്തമായ ചില സി​ഗ്നൽ ലഭിച്ചിട്ടുണ്ട്. എന്നാൽ അതെന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. 

മണ്ണിടിച്ചിലിന് 10 മിനിറ്റ് മുമ്പുള്ള കരയുടെ ദൃശ്യങ്ങളുടെ ചിത്രം ഇന്ന് ലഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദിക്കരയിൽ ആ സമയത്ത് ഏതൊക്കെ വാഹനങ്ങൾ നിർത്തിയിട്ടുവെന്ന് ഈ ചിത്രങ്ങളിൽ നിന്ന് അറിയാൻ സാധിക്കും. സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. അർജുന്റെ ലോറി സംഭവ സ്ഥലത്തേക്ക് കടന്നുവന്നു എന്ന് സിസിടിവിയിൽ വ്യക്തമാണ്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ലോറി കടന്ന് പോയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 

അർജുന്റെ വാഹനം മണ്ണിനടിയിൽ ഇല്ലെന്നാണ് കർണാടക സർക്കാർ പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ചൂണ്ടിക്കാട്ടി. ഐഎസ്ആർഒയുടെ ഉപ​ഗ്രഹ ദൃശ്യങ്ങൾ പരിശോധിക്കും. എന്താണ് സാധ്യതയെന്ന് ഉദ്യോ​ഗസ്ഥർ നോക്കി വരികയാണെന്നും തെരച്ചില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.