ദുരന്തഭൂമിയിൽ മനുഷ്യൻ പരസ്പരം കൈത്താങ്ങാവുന്നതും, ചേർത്തുപിടിക്കുന്നതും ഏറ്റവും പ്രതീക്ഷ നൽകുന്ന കാര്യമാണ്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയ്യാറാണെന്ന് പറഞ്ഞ് ഇടുക്കി സ്വദേശിയായ സജിനും കുടുംബവും രംഗത്തുവന്നിരിക്കുകയാണ്.
“എനിക്കും കുഞ്ഞ് മക്കളാണ് ഉള്ളത്. വയനാട്ടിലെ ക്യാമ്പില്‍ കുഞ്ഞ് മക്കളുണ്ടെങ്കില്‍ അവരെ മുലപ്പാൽ നൽകി സംരക്ഷിക്കാന്‍ ഞാനും എന്‍റെ ഭാര്യയും തയ്യാറാണ്. നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യം അതാണ്. വയനാട്ടില്‍ പോയി അവിടെ നിന്ന് കുഞ്ഞുങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും, Mob.9946569649” എന്നാണ് സജിൻ ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ വാട്സ്ആപ്പിലൂടെ പങ്കുവെക്കപ്പെട്ട, ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്ന സന്ദേശവും നിരവധിപേർ പങ്കുവെക്കുന്നുണ്ട്. നിരവധി പേരാണ് ഈ രണ്ട് പോസ്റ്റുകളും പങ്കുവെക്കുന്നത്.
അതേസമയം വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 250 ആയി. കണക്കുകള്‍ പ്രകാരം 225 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 144 മൃതദേഹം കണ്ടെടുത്തുവെന്നും 191 പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കൂടാതെ സൈന്യത്തിന്റെ നേതൃത്വത്തിൽ ബെയ്ലി പാലത്തിന്റെ നിർമ്മാണം രാത്രിവൈകിയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാലം പണി രാവിലെയോടെ പൂർത്തികരിച്ചാൽ അവശ്യസാധങ്ങനങ്ങൾ മുണ്ടക്കൈയിൽ എത്തിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.