കല്‍പ്പറ്റ: സംസ്ഥാനത്ത് കനത്ത മഴയില്‍ വൻ നാഷനഷ്ടം. വയനാട്ടില്‍ രണ്ടിടത്ത് ഉരുള്‍ പൊട്ടലുണ്ടായി. മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇന്നു പുലര്‍ച്ചെയാണു സംഭവം. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രാവിലെ ആറു മണിയോടെ മൂന്നാമതും ഉരുൾപൊട്ടലുണ്ടായതായിട്ടാണ് റിപ്പോർട്ട്. ചൂരൽമലയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.
മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതോടെ രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്തിച്ചേരുന്നതും ദുഷ്കരമായി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്കൂൾ മുങ്ങി. ഉരുൾപൊട്ടലിൽ നിരവധി പേർ അകപ്പെട്ടതായിട്ടാണ് വിവരം. ചൂരൽമലയിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
കോഴിക്കാട് ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. മഞ്ഞച്ചീളിയിൽ ഒട്ടേറെ വീടുകളും കടകളും തകർന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. പുഴകളിൽ ജലനിരപ്പുയരുന്നു. ഫയർഫോഴ്സ്, എൻഡിആർഎഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്ടർ സഹായവും കേരളം തേടിയിട്ടുണ്ട്. സുലൂരിൽ നിന്നുള്ള ഹെലികോപ്ടർ വയനാട്ടിലേക്കെത്തും.