തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിലെ മാലിന്യം വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്ന് ദിവസം നീണ്ട തിരച്ചിലിന് ശേഷവും ജോയിയെ ജീവനോടെ കണ്ടെത്താന്‍ കഴിയാതെ പോയത് അത്രയധികം മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത് കൊണ്ടാണ്. ഇത് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട വിഷയമാണ്.
ജീവന്‍ പണയപ്പെടുത്തി ജോയിയെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ദൗത്യസംഘത്തിന്റെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു. സമയബന്ധിതമായി മാലിന്യനിര്‍മാര്‍ജ്ജനം നടത്താനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ നടത്താതിരുന്നതാണ് ഒരു ശുചീകരണ തൊഴിലാളിയുടെ ദാരുണ അന്ത്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
ജോയിയുടെ കുടുംബത്തിനുണ്ടായ ഈ ദുരന്തത്തിന്റെ ഉത്തരവാദികള്‍ ഭരണാധികാരികള്‍ തന്നെയാണ്. കൃത്യമായ സമയത്ത് മാലിന്യ നിര്‍മാര്‍ജ്ജനം നടത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരും നഗരസഭയും റെയില്‍വേയും പരസ്പരം ചെളി വാരിയെറിഞ്ഞ നടപടി ഹീനവും അപമാനവുമാണ്. ജോയിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയും തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.