തിരുവനന്തപുരത്ത് കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു


തിരുവനന്തപുരത്ത് കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു


തിരുവനന്തപുരം> തിരുവനന്തപുരം വഴയില ആറാം കല്ലിൽ കാറിന് മുകളിൽ ആൽ മരം വീണ് ഒരാൾ മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്നയാൾക്കും പരിക്കേറ്റു.

ഇന്ന് രാത്രി 7 30 ഓടെയാണ് സംഭവം. കാർ പൂർണമായും തകർന്നു ആറാംകല്ല് ജംഗ്ഷനിൽ ഒതുക്കിയിട്ടിരുന്നറുകൾക്ക് മുകളിലേക്കാണ് മരം വീണത്. കാർ ഒതുക്കിയിട്ടശേഷം ഡ്രൈവർ കടയിലേക്ക് പോയ സമയമാണ് അപകടം നടന്നത്. അപകടം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നി രക്ഷാ സേനാ യൂണിറ്റും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

കാറിന് മുകളിലേക്ക് മരം ഇടിച്ചിറങ്ങുകയായിരുന്നു. കാറിൻ്റെ മുകൾ ഭാ​ഗം മുറിച്ച് മാറ്റിയാണ് യുവതിയെ പുറത്തെടുത്തത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മരം വീണ് സമീപത്തെ പച്ചക്കറിക്കട പൂർണമായും തകർന്നു. തിരുവനന്തപുരം നെടുമങ്ങാട് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.