ബസ് സ്റ്റാൻഡും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ലക്ഷ്യം; ഏറനാട് സ്വദേശിയെ കഞ്ചാവുമായി പിടികൂടി എക്സൈസ്

ബസ് സ്റ്റാൻഡും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ലക്ഷ്യം; ഏറനാട് സ്വദേശിയെ കഞ്ചാവുമായി പിടികൂടി എക്സൈസ്


മലപ്പുറം: മഞ്ചേരി നറുകരയില്‍ രണ്ട് കിലോയിലധികം കഞ്ചാവ് എക്സൈസ് പിടികൂടി. ഏറനാട് നറുകര സ്വദേശി നിഷാല്‍ പള്ളിയാളി എന്നയാളാണ് കഞ്ചാവുമായി അറസ്റ്റിലായത്. മഞ്ചേരി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചും പരിസര പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് പിടിയിലായ നിഷാല്‍. മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അശോക് കുമാറും സംഘവും ചേർന്നാണ് കേസ് എടുത്തത്.  

മഞ്ചേരി എക്സൈസിലും പൊലീസിലും നിരവധി നാര്‍ക്കോട്ടിക് കേസിലുള്‍പ്പെട്ടിട്ടുള്ള പ്രതി സ്വര്‍ണ്ണകവര്‍ച്ച കേസിൽ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. പ്രിവന്‍റീവ് ഓഫീസര്‍ ആസിഫ് ഇഖ്ബാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനില്‍കുമാര്‍ എം, ഷബീര്‍ മൈത്ര, അക്ഷയ് സി.ടി,വിനീത് കെ,സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഇതിനിടെ മലാപ്പറമ്പിൽ 20 കിലോ  കഞ്ചാവും എക്സൈസ് പിടികൂടിയിരുന്നു. മൂന്ന് പേർ അറസ്റ്റിലായി. കൊയിലാണ്ടി ചെമ്പനോട് സ്വദേശി സിദ്ദീഖ് ഇബ്രാഹിം (32) , വടകര  മരുതോങ്കര സ്വദേശി റംസാദ് പിഎം (38), കൂത്താളി സ്വദേശി മുഹമ്മദ് അസ്ലം (28) എന്നിവരെയാണ് കഞ്ചാവ് കടത്തിയതിന് എക്സൈസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ സഞ്ചരിച്ചിരുന്ന റെഡ് മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് ചാക്കിലായിട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. കാസർകോട് നീലേശ്വരം സ്വദേശിയിൽ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക് കൈമാറാനിരിക്കവെയാണ്  പ്രതികൾ എക്സൈസ് സംഘത്തിൻറെ വലയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി രാജീവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയാണ് പ്രതികളെ പിടികൂടിയത്.