കർക്കിടകത്തിലെ ആധിയും വ്യാധിയും അകറ്റാൻ പതിവ് തെറ്റിക്കാതെ ആടിവേടൻ എത്തി
ഇരിട്ടി: പതിവുതെറ്റാതെ കർക്കിടക സംക്രമനാളിൽ ആടിവേടനെത്തി. പുന്നാട് കീഴൂർ തെരു മേഖലയിലെ വീടുകളിലാണ് ആടിവേടൻ സന്ദർശനം നടത്തിയത്. എല്ലാവർഷങ്ങളിലും കർക്കിടകരംഭത്തിൽ ഈ ആചാരത്തിന്റെ പേരും പെരുമയും ചോരാതെ ആടിവേടൻ ഈ മേഖലയിൽ എത്താറുണ്ട്.
വടക്കേ മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ആചാരമെന്ന നിലയിലാണ് കർക്കിടകത്തിന്റെ ആദ്യ ദിനങ്ങളിൽ ആടി വേടൻ വീടുകളിൽ എത്താറുള്ളത്. എന്നാൽ പുതുകാലത്തിന്റെ മാറ്റത്തിനൊപ്പം മണ്മറഞ്ഞുപോകുന്ന ഒരു ആചാരമായി ഇത് മാറി. വടക്കൻ കേരളത്തിലെ തെയ്യക്കോങ്ങൾക്കൊപ്പം ചേർത്തുവെക്കാവുന്ന ഭക്തി വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഈ കലാരൂപം ഇന്ന് ഏതാനും ഗ്രാമങ്ങളിൽ മാത്രമായി ഇത് ചുരുങ്ങിപ്പോയി.
ശിവ സാന്നിധ്യത്തിനായി തപസ്സുചെയ്യുന്ന അർജ്ജുനന്റെ തപശക്തിയെ പരീക്ഷിക്കാൻ വേടന്റെ രുപത്തിൽ അർജ്ജുനന്റെ മുന്നിലെത്തിയ പരമശിവന്റെ കഥയാണ് ആടിവേടൻ കെട്ടിയാടിപാട്ടിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നത്. മുഖത്തും ദേഹത്തും ചായം പൂശി തിളങ്ങുന്ന കിരീടവും, വർണ്ണപ്പൊലിമയാർന്ന ആടയാഭരണങ്ങളും ധരിച്ച് ആചാര സമുദായത്തിലെ മുതിർന്ന കാരണവർക്കൊപ്പം വാദ്യത്തിന്റെ അകമ്പടിയോടെയാണ് കർക്കിടകത്തിലെ ആധിയും, വ്യാധിയുമകറ്റി കർഷകന്റെ മനസ്സിൽ ആശ്വാസത്തിന്റെ സന്ദേശം പകർന്ന് ആടിവേടൻ എത്തുന്നത്. കാരണവർക്കും, വാദ്യമേളക്കാരനുമൊപ്പം ഗ്രാമീണ വീടുകളിലെത്തുന്ന ആടിവേടനെ സ്വീകരിക്കാൻ വീടുകളിൽ കത്തിച്ചുവെച്ച നിലവിളക്കും, നിറനാഴിയുമായി വീട്ടിലെ മുതിർന്ന സ്തീകൾ ഉമ്മറപ്പടിയിലുണ്ടാകും. ആടിവേടൻ കെട്ടി ഇറങ്ങി ഗ്രങ്ങളിലെ വീടുകളിൽ എത്തുന്നതോടേ കർഷകർക്കും, ഗ്രാമീണർക്കും കാർഷിക അഭിവൃദ്ധിയും, കുടുംബ ഐശ്വര്യവും ഉണ്ടാകുമെന്നാണ് ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും വിശ്വാസം.
ഇരിട്ടി കീഴൂർ തെരു ഭാഗങ്ങളിലെ വീടുകളിലാണ് മുൻ വര്ഷങ്ങളിലെപ്പോലെ മുടക്കമില്ലാത്ത കർക്കിടക സംക്രമ ദിവസം ആടിവേടൻ എത്തിയത്. പുന്നാട് കണ്ണൻ പണിക്കരുടെയും ശ്രീദേവിയുടെയും നേതൃത്വത്തിൽ രാജേഷ്, രഞ്ചിത്ത്,ശശി പണിക്കർ എന്നിവരാണ് ആടിവേടൻ സംഘത്തിൽ ഉണ്ടായിരുന്നത്.