മത്സ്യ വണ്ടിയിലെത്തി കടകളിലും വീടുകളിലും കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടു പേർ ഇരിക്കൂറിൽ പിടിയിൽ
ഇരിക്കൂർ: മത്സ്യ വണ്ടിയിലെത്തി കടകളിലും വീടുകളിലും കവർച്ച നടത്തുന്ന സംഘത്തിലെ രണ്ടു പേർ ഇരിക്കൂർ എസ്.എച്ച്.ഒ ഇൻസ്പെക്ടർ രാജേഷ് ആയോടന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടിയിലായി.
കർണാടക ഷിമോഗ സാഗർ ഫസ്റ്റ് ക്രോസ് എസ്.എൻ നഗറിലെ മുഹമ്മദ് ജാക്കിർ (32), സാഗർ ഫിഫ്ത്ത് ക്രോസ് ജന്നത്ത് നഗറിലെ നൗഫൽ(32) എന്നിവരാണ് പിടിയിലായത്. ഇവരെ എസ്.ഐ പി. ബാബുമോൻ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രണ്ടിന് പുലർച്ച പടിയൂർ പൂവ്വത്ത് ഷബാബ് മൻസിലിൽ അബ്‌ദുൽ ഷബാഹിന്റെ വീട്ടിൽ കവർച്ച നടത്താൻ ശ്രമിച്ച പരാതിയിൽ നടന്ന അന്വേഷണമാണ് ഇവരെ കുടുക്കിയത്. ഈ വീടിന്റെ വശങ്ങളിലായി സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകളിൽ പിൻഭാഗത്തെ മൂന്നെണ്ണം തോർത്ത് മുണ്ടുകൊണ്ടും തുണികൊണ്ടും മറച്ച കവർച്ച സംഘം അടുക്കള വാതിലിന്റെ ഗ്രിൽസ് തകർത്താണ് അകത്തുകയറിയത്.
ഒരു കിടപ്പുമുറിയിലെ അലമാര മുഴുവൻ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. തൊട്ടപ്പുറത്തെ മുറിയിൽ അധ്യാപകനും കുടുംബവും കിടന്നുറങ്ങുന്നുണ്ടായിരുന്നു ആ മുറിയിൽ നിന്ന് ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നുവെന്ന ധാരണയിൽ കവർച്ചക്കാർ ഓടിരക്ഷപ്പെട്ടു. പുലർച്ച ഉണർന്നപ്പോഴാണ് കവർച്ച ശ്രമം ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് 200ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് കവർച്ചക്കാരെ തിരിച്ചറിഞ്ഞത്. തുടർന്ന് ഷിമോഗ സാഗറിലെത്തിയ സംഘം വെള്ളിയാഴ്ച പുലർച്ചയോടെ രണ്ടുപേരെയും പിടികൂടി.
മത്സ്യം കയറ്റിയ വണ്ടിയിൽ കണ്ണൂർ- കാസർകോട് ജില്ലകളിൽ പതിവായി വരുന്നവരാണ് ഇവർ. രാത്രിയിൽ മത്സ്യവുമായി വരുന്നതിനിടയിൽ വീടുകളും കടകളും കണ്ടുവെക്കും. പുലർച്ച കവർച്ച നടത്തി നാട്ടിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. കുമ്ബളയിലും കർണാടകയിലെ പല സ്ഥലത്തും ഇവർ കവർച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. എ.എസ്.ഐ ലക്ഷ്‌മണൻ,സീനിയർ സി.പി.ഒമാരായ കെ.വി. പ്രഭാകരൻ, കെ.ജെ. ജയദേവൻ, ഷംസാദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു