തൃശൂര്‍: ആശുപത്രിയില്‍ ശുശ്രൂഷിക്കാന്‍ ആരുമില്ലാതെ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം ഏറ്റെടുക്കുന്നതിനെ ചൊല്ലി ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം. അവസാനം പൊലീസെത്തി ഇരുകൂട്ടരും ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ 55 കാരൻ മരിച്ചത്. വിവരമറിഞ്ഞ് മതിലകത്തുള്ള ഇയാളുടെ ഭാര്യയും മകളും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ഏറ്റുവാങ്ങി കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മരിച്ചയാളുടെ സഹോദരന്മാര്‍ എത്തി തടഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്.
രോഗിയാണെന്നറിഞ്ഞിട്ടും ആവശ്യമായ പരിചരണവും ചികിത്സയും ലഭ്യമാക്കാന്‍ ശ്രമിക്കാതിരുന്ന ഭാര്യയോടും മകളോടുമുള്ള പ്രതിഷേധമാണ് ഇതിന് കാരണം. മൃതദേഹം സഹോദരങ്ങളായ ഞങ്ങള്‍ കൊണ്ടുപോയിക്കോളാമെന്നും നിങ്ങള്‍ ഇടപെടേണ്ട എന്നും ഇവർ പറഞ്ഞതോടെ തർക്കമായി. മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരയും വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തുകയും ഇരുകൂട്ടരും സംസ്‌കാര ചടങ്ങുകള്‍ നടത്തി മൃതദേഹം മറവ് ചെയ്യാനും നിര്‍ദേശം നല്‍കി.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇത്തരത്തില്‍ നിരവധി രോഗികളാണ് ബന്ധുക്കളാരുമില്ലാതെ ചികിത്സയില്‍ കഴിയുന്നത്. കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതുമൂലം കൃത്യമായ ചികിത്സ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഒരു മാസത്തിനുള്ളില്‍ ബന്ധുക്കളില്ലാത്ത 10 പേരാണ് ഇവിടെ അജ്ഞാത രോഗികളുടെ പട്ടികയില്‍ മരിച്ചത്.