പേരാവൂർ : കൊച്ചിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോവാദി തൃശ്ശൂർ ഇവനൂർ പടിഞ്ഞാറത്തല വീട്ടിൽ മനോജിനെ കൊട്ടിയൂരിലെ പന്നിയാമലയിലും പേരാവൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. പിടിയിലാകും മുൻപ് പേരാവൂരിലെത്തിയ മനോജ് ഒരു വസ്ത്രാലയത്തിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയിരുന്നു. ഇതിൽ തെളിവെടുപ്പ് നടത്താനാണ് തീവ്രവാദവിരുദ്ധ സേനയും (എ.ടി.എസ്.) പോലീസ് സംഘവും മനോജിനെ പേരാവൂരിൽ കൊണ്ടുവന്നത്.
കണ്ണൂർ-വയനാട് ജില്ലകളുൾപ്പെട്ട കബനിദളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോവാദി മനോജ്. 14 യു.എ.പി.എ. കേസുകളിൽ മനോജ് പ്രതിയാണെന്ന് എ.ടി.എസ്. പറഞ്ഞു. മെക്കാനിക്കൽ എൻജിനിയറിങ് പഠനത്തിനു ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ മാവോവാദി സംഘത്തിൽ ചേരുകയായിരുന്നു. മാവോവാദി പ്രവർത്തനത്തിൻ്റെ പേരിൽ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ ‘വാണ്ടഡ്’ പട്ടികയിലുൾപ്പെട്ടയാളാണ് മനോജ്. ഇയാൾ അടങ്ങുന്ന 20 അംഗസംഘത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു.