സി.കെ. പത്മനാഭനെതിരേ സുരേഷ്‌ഗോപി ; അതൃപ്തി പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിക്കും

സി.കെ. പത്മനാഭനെതിരേ സുരേഷ്‌ഗോപി ; അതൃപ്തി പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിക്കും


തിരുവനന്തപുരം: ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശത്തിലെ അതൃപ്തി പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂരില്‍ ബി.ജെ.പിക്കായി ജയം നേടിയിട്ടും സി.കെ. പത്മനാഭനെപ്പോലെുള്ളവര്‍ നടത്തുന്ന അവഗണനാ പ്രസ്താവനയിലെ വേദനയാകും സുരേഷ് ഗോപി പങ്കുവയ്ക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രതിഷേധം അറിയിക്കും. സി.കെ.പി. എന്നു വിളിക്കുന്ന സി.കെ. പത്മനാഭന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നെന്ന നിലപാടാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനുമുള്ളത്. അതേസമയം സി.കെ. പത്മനാഭന്റെ പരാമര്‍ശത്തെക്കുറിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചില്ല. അനാവശ്യ ചര്‍ച്ച ഒഴിവാക്കാനാണത്. സുരേഷ് ഗോപി ബി.ജെ.പി. നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും സിനിമയില്‍നിന്നു രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയാണെന്നുമായിരുന്നു സി.കെ. പത്മനാഭന്റെ വിമര്‍ശനം.

ഇന്ദിരാഗാന്ധിയെ ഭാരതമാതാവായി വിശേഷിപ്പിക്കുന്ന സുരേഷ് ഗോപിയുടെ രീതിയെ അംഗീകരിക്കാനാകില്ലെന്നും പത്മനാഭന്‍ പറഞ്ഞിരുന്നു. ഇതാണു സുരേഷ് ഗോപിയെ വേദനിപ്പിച്ചത്. ഭാരത് മാതാ കീ ജയ് എന്നു വിളിച്ചുനടക്കുന്ന ആളുകളാണ് ബി.ജെ.പി പ്രവര്‍ത്തകര്‍. സുരേഷ് ഗോപിയാകട്ടെ ഇന്ദിരാഗാന്ധിയെ ഭാരതമാതാവ് എന്നാണു വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് പ്രാദേശിക ചാനലിനോടു പ്രതികരിക്കവേ സി.കെ.പി. വിമര്‍ശിച്ചത്. ബി.ജെ.പിയിലേക്ക് ആളുകള്‍ വരുന്നത് അടിസ്ഥാനപരമായ ആദര്‍ശത്തിന്റെ പ്രേരണ കൊണ്ടല്ലെന്നും അധികാരം മോഹിച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ വിഷയത്തില്‍ വിശദീകരണം നല്‍കിയതാണെന്നും അതിനുശേഷവും അതു വിവാദമാക്കുന്നതു ശരിയല്ലെന്നുമാണ് സുരേഷ് ഗോപിയുടെ നിലപാട്. ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിയെയും സി.കെ.പി. പേരെടുത്തു വിമര്‍ശിച്ചിരുന്നു. അബ്ദുള്ളക്കുട്ടിയെപ്പോലുള്ള ആളുകള്‍ക്ക് ബി.ജെ.പിയിലേക്കു വന്നതിന്റെ ഗുണം ഉണ്ടായിട്ടുണ്ട്, അല്ലാതെ പാര്‍ട്ടിക്കല്ല. അധികാര രാഷ്ട്രീയത്തോടുള്ള അഭിനിവേശം കൊണ്ടാണ് പലരും പാര്‍ട്ടിയിലേക്കു വരുന്നതെന്നും സി.കെ.പി. ആരോപിച്ചിരുന്നു.