അർജുന്റെ ലോറി കണ്ടെത്തി, മന്ത്രി സ്ഥിരീകരിച്ച; പ്ലീസ്.. അവിടേക്ക് മണ്ണിടല്ലേയെന്ന് നിരവധി തവണ പറഞ്ഞെന്ന് മനാഫ്


അർജുന്റെ ലോറി കണ്ടെത്തി, മന്ത്രി സ്ഥിരീകരിച്ച; പ്ലീസ്.. അവിടേക്ക് മണ്ണിടല്ലേയെന്ന് നിരവധി തവണ പറഞ്ഞെന്ന് മനാഫ്



ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചില്‍ നിർണ്ണായക വഴിത്തിരിവിലേക്ക്. പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ വകുപ്പ് മന്ത്രി കൃഷ്ണ ഭൈര ഗൗഡ വ്യക്തമാക്കി. ലോംഗ് ആം ബൂമർ എക്‌സ്‌കവേറ്റർ നദിയിൽ പരിശോധന നടത്തുന്നതിനിടയിലാണ് ലോറി കണ്ടെത്തിയത്. നൂതന ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ഇൻ്റലിജൻ്റ് അണ്ടർഗ്രൗണ്ട് ബരീഡ് ഒബ്ജക്റ്റ് ഡിറ്റക്ഷൻ സംവിധാനവും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി എക്സില്‍ കുറിച്ചു.


വെള്ളത്തിൽ കാണാതായവരുടെ മൃതദേഹങ്ങൾക്കായി കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തിരച്ചിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇത് അർജുന്റെ ലോറി തന്നെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അർജുന്റെ ലോറി മാത്രമാണ് സംഭവ സ്ഥലത്ത് നിന്നും കാണാതായത് എന്നതിനാല്‍ കണ്ടെത്തിയത് അർജുന്റെ ട്രക്ക് തന്നെയാണെന്നാണ് വിലയിരുത്തുന്നത്. കണ്ടെത്തിയത് അർജുന്റെ ലോറിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.


ലോറിയുടെ സാന്നിധ്യമെന്ന് കരുതുന്ന സിഗ്നല്‍ ലഭിച്ചുവെന്ന് നാവിക സേനയും വ്യക്തമാക്കിയിരുന്നു. അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ചുള്ള സ്കാനിങ്ങിൽ ഗംഗാവാലി നദിയിൽ നിന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തീരത്തോട് ചേർന്നുള്ള ഭാഗത്ത് ഇപ്പോള്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.


കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗംഗാവാലി പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ നാവികസേന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചത്. വെള്ളത്തില്‍ നിന്നും അർജുന്റെ ലോറിയിലെ തടി കെട്ടിയതെന്ന് സംശയിക്കുന്ന കയറിന്റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളാണ് ആദ്യം പുറത്ത് വന്നത്. കയർ കണ്ടെത്തിയോ എന്ന ചോദ്യത്തിന് കണ്ടെത്തിയിട്ടുണ്ട് എന്നായിരുന്നു കാർവാർ എം എല്‍ എയുടെ മറുപടി.


അതേസമയം, കയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന വിവരമാണ് തനിക്ക് കിട്ടിയതെന്നാണ് ലോറി ഡ്രൈവർ മനാഫ്  വ്യക്തമാക്കിയത്. "കയർ കണ്ടെത്തിയത് തന്നെ വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്തായാലും ഇന്ന് തന്നെ ലോറി കണ്ടെത്താന്‍ സാധിക്കും. പക്ഷെ പുറത്തെടുക്കാന്‍ കഴിയുമോ എന്ന് അറിയില്ല" മനാഫ് പറഞ്ഞു.

പല ആളുകളും എനിക്കെതിരെ മോശം കമന്റുകളുമായി ഇപ്പോള്‍ രംഗത്ത് വരുന്നുണ്ട്. പുഴയുടെ ഭാഗത്തേക്ക് മണ്ണ് അധിമായി തള്ളരുതെന്ന് അവിടെ എത്തിയത് മുതല്‍ ഞാന്‍ പറയുന്ന ഒരു കാര്യമാണ്. നമുക്കൊരു പ്ലാന്‍ ബി വേണം. പല പ്രാവശ്യം അവരോട് ഞാന്‍ പറഞ്ഞു.. പ്ലീസ് അവിടെ മണ്ണ് ഇടല്ലേയെന്ന്. ജി പി എസ് ലൊക്കേഷന്‍ കാണിച്ചതുകൊണ്ട് മാത്രമാണ് ഇടത് വശത്ത് പരിശോധന നടത്തിയത്.

ലോറി വലത് വശത്തേക്ക് നീങ്ങിയിട്ടുണ്ടാകാം. പക്ഷെ മരക്കഷ്ണങ്ങളൊന്നും കണ്ടിട്ടില്ല. നമുക്ക് വലുത് അർജുന്റെ ജീവനാണല്ലോ, അതുകൊണ്ട് തന്നെ ജി പി എസ് കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്താന്‍ ആവശ്യപ്പെടുകായിരുന്നു. എന്നാല്‍ അപ്പോഴേക്കും അവർ നേരെ വലത് വശം ഉരുളന്‍ കല്ലുകളൊക്കെ ഇട്ട് മൂടി. അങ്ങനെ ചെയ്യരുതെന്ന് നിരവധി തവണ പറഞ്ഞിട്ടും അവർ കേട്ടില്ലെന്നും മനാഫ് കൂട്ടിച്ചേർത്തു.