കണ്ണുർ, പയ്യന്നൂർ, തലശേരി, ഇരിട്ടി ഡിവിഷനുകളിൽ വൈദ്യുതി മുടക്കം നേരിട്ടു

ജില്ലയിലെ വൈദ്യുതി മേഖലയിൽ കനത്ത നഷ്‌ടം





കണ്ണൂർ: മൂന്ന് ദിവസമായി തുടരുന്ന മഴയിലും ചുഴലി കാറ്റിലും ജില്ലയിലെ വൈദ്യുതി മേഖലയിൽ കനത്ത നഷ്‌ടം. വൈദ്യുതി വിതരണ മേഖലയിൽ 5.7 കോടിയുടെ നഷടമാണ് ഉണ്ടായത്‌. എച്ച് ടി ഫീഡറുകളിൽ മരങ്ങൾ കടപുഴകിയതിന്റെ ഭാഗമായി കണ്ണുർ, പയ്യന്നൂർ, തലശേരി, ഇരിട്ടി ഡിവിഷനുകളിൽ വൈദ്യുതി മുടക്കം നേരിട്ടു.

രാത്രിയിൽ ഉൾപ്പെടെ ജീവനക്കാർ വൈദ്യുതി തിരിച്ച് എത്തിക്കാനുള്ള പ്രയത്നത്തിലാണ്. രാത്രിയാണ് ഫീഡറുകൾ തകരാറിൽ ആയതും ലൈനുകൾ പൊട്ടി വീണതും. 1894 ട്രാൻസ്ഫോമറുകളിൽ വൈദ്യുതി എത്തിക്കാനാവാത്ത വിധം 204 ഹൈടെൻഷൻ പോസ്റ്റുകളാണ് തകർന്നത്. 33 കെ വി ലൈനുകൾക്കും 11 കെ വി ലൈനുകൾക്കും വ്യാപകമായ തകരാർ സംഭവിച്ചു. 880 ലോ ടെൻഷൻ പോസ്റ്റുകളും പൊട്ടി വീണു. 2180 സ്ഥലങ്ങളിൽ ലൈനുകൾ മുറിഞ്ഞ് വീണു.

ഒട്ടനവധിപേർ ഒരേ സമയം വിളിക്കാൻ ശ്രമിക്കുന്നത് സെക്‌ഷൻ ഓഫീസുകളിലെ ഫോൺ തിരക്ക് ആവുന്നതിനാൽ വിവരങ്ങൾ അറിയാൻ താമസം നേരിടുന്നുണ്ട്. ലൈൻ പൊട്ടിവീണ് അപകട സാധ്യത ഉള്ളതിന്റെ വിവരങ്ങൾ 94960 10101 എന്ന ഹോട്ട് ലൈൻ നമ്പറിൽ അറിയിക്കാം. മറ്റ് പരാതികൾ 94960 01912 എന്ന ടോൾഫ്രീ നമ്പറിലും അറിയിക്കാം. ഈ കാലവർഷത്തിൽ ജില്ലയിൽ ഇതുവരെയായി 28 കോടി രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്‌.