കണ്ണൂരില്‍ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍

കണ്ണൂരില്‍ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍







കണ്ണൂര്‍ : കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് കണ്ണൂര്‍ സ്വദേശിയായ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.

പ്രാഥമിക പരിശോധനയില്‍ രോഗം തെളിഞ്ഞിരുന്നു. അന്തിമ പരിശോധനാ ഫലം വന്ന ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങളുണ്ടായത്. അതിനിടെ മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ 4 വയസുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ അന്തിമ പരിശോധനാ ഫലം ജുലായ് 26ന് ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.