കണ്ണൂര്‍: മട്ടന്നൂർ കൊതേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മട്ടന്നൂര്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് റോഡിൽ വീണ അനുരാഗിൻ്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ഫയർ ഫോഴ്‌സ് വാഹനം കയറി. ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് നിരവധി അപകടങ്ങളാണ് നടന്നത്. ആറോളം പേര്‍ ഈ സംഭവങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ രണ്ട് പേര്‍ കുട്ടികളാണ്. പാലക്കാട് മണ്ണാർക്കാട് സ്കൂൾ വാഹനം ഇടിച്ച് മരിച്ച യുകെജി വിദ്യാര്‍ത്ഥി ഹിബയാണ് ഇവരിൽ ഒരാൾ. ഇടിച്ച വാഹനത്തിൽ വീടിന് മുന്നിലിറങ്ങിയ ഹിബ മറുവശത്തുള്ള വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. കുട്ടിയെ ശ്രദ്ധിക്കാതെ മുന്നോട്ടെടുത്ത വാഹനത്തിന് അടിയിലേക്ക് കുട്ടി വീണുപോയി. വീടിന് മുന്നിൽ കാത്തുനിന്ന അമ്മയ്ക്ക് മുൻപിലാണ് ദാരുണ സംഭവം നടന്നത്.
പെരുമ്പാവൂർ പുല്ലുവഴിയിൽ ലോറിയിൽ ബൈക്ക് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ 2 പേര്‍ മരിച്ചത്. എറണാകുളം കലൂർ സ്വദേശി മുഹമ്മദ് ഇജാസ് (21) ചങ്ങനാശ്ശേരി സ്വദേശിനി ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ നിന്ന് വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വച്ചും, പെൺകുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ഉച്ചകഴിഞ്ഞ് 2.15ന് ആയിരുന്നു അപകടം.
കൊല്ലം പോളയത്തോട് വാഹനാപകടത്തിൽ എട്ട് വയസ്സുകാരനും ഇന്ന് അപകടത്തിൽ മരിച്ചിരുന്നു. കുടുംബത്തോടോപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അച്ഛൻ ഓടിച്ച സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ റോഡിൽ വീണ ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്തിൻ്റെ തലയിലൂടെ പിന്നിലെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ കുട്ടി മരിച്ചു.
കൊല്ലം തിരുമംഗലം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് സുവിശേഷകനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. ഉണ്ണികൃഷ്ണൻ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുനലൂർ മണിയാർ സ്വദേശിയായിരുന്നു ഉണ്ണികൃഷ്ണൻ.