ചാന്ദിപുര വൈറസ് ബാധയെന്ന് സംശയം, ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ച്, രണ്ട് പേർ ചികിത്സയിൽ

ചാന്ദിപുര വൈറസ് ബാധയെന്ന് സംശയം, ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ച്, രണ്ട് പേർ ചികിത്സയിൽ


സബർകാന്ത: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ചാന്ദിപുര വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന നാല് കുട്ടികൾ മരിച്ചു. രണ്ട് കുട്ടികൾ ചികിത്സയിലാണ്. വൈറസ് ബാധ സ്ഥിരീകരണത്തിനായി ആറ് കുട്ടികളുടെയും രക്ത സാമ്പിൾ പരിശോധനക്ക് അയച്ചതായാണ് ആരോഗ്യവകുപ്പ് വിശദമാക്കിയിരിക്കുന്നത്. ഹിമന്ത്നഗർ സിവിൽ ആശുപത്രിയിലാണ് രോഗബാധിതരായ രണ്ട് കുട്ടികളുടെ ചികിത്സ പുരോഗമിക്കുന്നത്. 

സംഭവത്തിൽ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സബർകാന്ത, ആരവല്ലി മേഖലയിൽ നിന്നുള്ള മൂന്ന് പേരും രാജസ്ഥാനിൽ നിന്നുള്ള ഒരാളുമാണ് മരിച്ചിരിക്കുന്നത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരും രാജസ്ഥാനിൽ നിന്നുള്ളവരാണ്. സംഭവത്തേക്കുറിച്ചും വൈറസ് ബാധയാണെന്ന സംശയത്തേക്കുറിച്ചും രാജസ്ഥാൻ സർക്കാരിനും വിവരം നൽകിയതായാണ് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്. 

കൊതുക്, ചെള്ള്, മണൽ ഈച്ചകൾ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്. വൈറൽ പനിക്ക്  സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന വൈറസ് ബാധ തലച്ചോറിനെയാണ് ബാധിക്കുക. അതീവ അപകടകാരിയാണ് ഈ വൈറസ്. തലച്ചോറിൽ നീർക്കെട്ടുണ്ടാവുകയും അതികഠിനമായ തലവേദനയും കഴുത്തിന് ബലം വയ്ക്കുകയും പ്രകാശം തിരിച്ചറിയാനുള്ള സാധ്യതയും മാനസിക ബുദ്ധിമുട്ടുകളും ഈ വൈറസ് ബാധമൂലം സംഭവിക്കാറുണ്ട്. പ്രതിരോധ സംവിധാനം അണുബാധ മൂലം തലച്ചോറിനെ ആക്രമിക്കുന്നത് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതാണ് വൈറസ് ബാധ.

കൊതുക്, ചെള്ള്, ഈച്ച എന്നിവ കടിയേൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് രോഗബാധ തടയാനുള്ള പ്രതിരോധ സംവിധാനങ്ങളിൽ പ്രധാനം. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും വലയ്ക്കുള്ളിൽ ഉറങ്ങുന്നതും ഇത്തരത്തിൽ സഹായകരമാണ്. മലിന ജലം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ നിർണായകമാണ്.