'പുരസ്കാരം നല്‍കാന്‍ വന്ന ആസിഫിനെ അപമാനിച്ചു'; ജയരാജിനെ വിളിച്ചുവരുത്തി വാങ്ങി; രമേഷ് നാരായണനെതിരെ വിമര്‍ശനം


'പുരസ്കാരം നല്‍കാന്‍ വന്ന ആസിഫിനെ അപമാനിച്ചു'; ജയരാജിനെ വിളിച്ചുവരുത്തി വാങ്ങി; രമേഷ് നാരായണനെതിരെ വിമര്‍ശനം


കൊച്ചി: എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങൾ' ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ട്രെയ്ലർ ലോഞ്ച് നടന്നത്. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാ​ഗമാവുന്ന ആന്തോളജി സീരീസ് ഓരോ സിനിമയായി ഒടിടിയിൽ കാണാനാകും. ആഗസ്റ്റ് 15ന് ഈ അന്തോളജി ചിത്രം റിലീസ് ചെയ്യും. 

അതേ സമയം കൊച്ചിയിലെ ട്രെയിലര്‍ ലോഞ്ചിനിടയിലെ ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ അന്തോളജി സീരിസിലെ  ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. 

ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു താല്‍പ്പര്യവും ഇല്ലാതെ ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങിയ രമേഷ് ആസിഫിന് ഹസ്തദാനവും നല്‍കുന്നില്ല. പിന്നാലെ സംവിധായകന്‍ ജയരാജിനെ രമേഷ് നാരായണ്‍ തന്നെ വിളിച്ച് ആ പുരസ്കാരം ജയരാജിന്‍റെ കൈയ്യില്‍ നല്‍കി വാങ്ങുന്നത് കാണാം. സദസിന് നേരെ തിരിച്ച് വച്ച് ഔദ്യോഗികമായ രീതിയിലാണ് അത് വാങ്ങിയത്. 

ഇതിലൂടെ ആസിഫിനെ അപമാനിക്കുകയാണ് സംഗീതജ്ഞന്‍ ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ഇതിനകം വീഡിയോ വൈറലായി കഴിഞ്ഞു. വളരെ മോശമായ ഒരു നിലപാടാണ് ഇതെന്നാണ് പലരും പറയുന്നത്. എന്തായാലും ഈ വീഡിയോ വലിയ ചര്‍ച്ചയ്ക്കാണ് വഴിവയ്ക്കുന്നത്.