ട്രയല്‍റണ്ണിന് തുടക്കം ​‍: ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ചെന്ന് മുഖ്യമന്ത്രി ; 'കേരളം വളരുന്നു' കവിത ചൊല്ലി വാസവന്‍

ട്രയല്‍റണ്ണിന് തുടക്കം ​‍: ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ചെന്ന് മുഖ്യമന്ത്രി ; 'കേരളം വളരുന്നു' കവിത ചൊല്ലി വാസവന്‍


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലൂടെ ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദീര്‍ഘകാലമായുള്ള കേരളത്തിന്റെ സ്വപ്‌നമാണ് സഫലമായതെന്നും ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് തന്നെ കൈവിരലില്‍ എണ്ണാവുന്നവ മാത്രമേയുള്ളെന്നും പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേളത്തിന്റെ വികസന അദ്ധ്യായത്തിലെ പുതിയ ഏട് ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് 10,000 കോടിയുടെ നിക്ഷേപമെത്തുമെന്നും ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് ബര്‍ത്ത് ചെയ്യാന്‍ കഴിയുന്ന ഇടമായി ഇത് മാറുമെന്നും 2028 ല്‍ സമ്പൂര്‍ണ്ണ തുറമുഖമാകുമെന്നും പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് നാടിന്റെ ഇഛാശക്തിയെ ദുര്‍ബ്ബലപ്പെടുത്താനായില്ലെന്നും പദ്ധതിയെ അഴിമതിക്കോ ചൂഷണത്തിനോ ഉള്ള ഉപാധിയാക്കി മാറ്റരുതെന്ന് നിഷ്‌ക്കര്‍ഷത് ഉണ്ടായിരുന്നതായും പറഞ്ഞു.

'കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളില്‍' എന്ന മഹാകവി പാലാ നാരായണന്‍ നായരുടെ കവിതകളുടെ വരികള്‍ എടുത്തായിരുന്നു തുറമുഖമന്ത്രി വി.എന്‍.വാസവന്റെ പ്രസംഗം. ലോകമെമ്പാടുമുള്ള മലയാളികള്‍ അഭിമാനത്തോടെയാണ് ഈ നിമിഷത്തെ നോക്കിക്കാണുന്നതെന്നും നാടിന്റെ വികസനചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണ് ഇതെന്നും പറഞ്ഞു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. നേരത്തേ വിഴിഞ്ഞം ട്രയല്‍ റണ്ണിന്റെ ഭാഗമായി ശിലാഫലകം മുഖ്യമന്ത്രി അനാഛാദനം ചെയ്തിരുന്നു. മന്ത്രിമാരായ ജി.ആര്‍. അനില്‍, വി. ശിവന്‍കുട്ടി, കെ. രാജന്‍, കെ.എന്‍. ബാലഗോപാല്‍, വിഎന്‍ വാസവന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. അതേസമയം സ്ഥലം എംപി. ശശി തരൂര്‍ പങ്കെടുത്തില്ല.

ഇന്നലെ ആദ്യ കണ്ടെയ്‌നര്‍ മദര്‍ഷിപ്പായി ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിംഗ് കമ്പനിയായ മേസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള 'സാന്‍ ഫെര്‍ണാണ്ടോ' ആയിരുന്നു ആദ്യമായി തുറമുഖത്ത് എത്തിയത്. 2000 കണ്ടെയനറുകള്‍ തുറമുഖത്ത് ഇറക്കി കപ്പല്‍ ഇന്ന് തുറമുഖം വിടും. നാളെത്തന്നെ ഫീഡര്‍ കപ്പലുകള്‍ എത്തുന്നതോടെ ട്രാന്‍സ്ഷിപ്‌മെന്റിനും തുടക്കമാകും. തുറമുഖത്ത് മൂന്ന് മാസം നീളുന്ന ട്രയല്‍ റണ്ണാണ് നടത്തുന്നത്. ഒക്‌ടോബറിലാണ് പദ്ധതി കമ്മീഷന്‍ ചെയ്യുന്നത്.