ബൈക്ക് യാത്രക്കിടെ ഒരാൾ ഹെൽമറ്റ് ധരിച്ചില്ല, വഴിയിൽ പിടിവീണു; പക്ഷേ ബൈക്കിലെ പരിശോധനയിൽ കണ്ടെടുത്തത് കഞ്ചാവ്

ബൈക്ക് യാത്രക്കിടെ ഒരാൾ ഹെൽമറ്റ് ധരിച്ചില്ല, വഴിയിൽ പിടിവീണു; പക്ഷേ ബൈക്കിലെ പരിശോധനയിൽ കണ്ടെടുത്തത് കഞ്ചാവ്


മാനന്തവാടി: ഇരുചക്രവാഹനത്തില്‍ പിറകില്‍ ഇരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് പൊലീസ് പിടികൂടിയ യുവാക്കളെ പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തി. 604 ഗ്രാം കഞ്ചാവുമായി ഇടവക സ്വദേശികളായ കുന്നുമ്മല്‍ വീട്ടില്‍ ജി ഗോകുല്‍ (21) തൃപ്പണിക്കര വീട്ടില്‍ ടി ജെ അ‌രുൺ (19) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

മാനന്തവാടി ടൗണിലെ വള്ളിയൂര്‍ക്കാവ് റോഡ് ജങ്ഷനില്‍ വാഹന പരിശോധനക്കിടെ ബുധനാഴ്ച്ച രാത്രിയോടെയാണ് ഇവര്‍ പിടിയിലാകുന്നത്. കൊയിലേരി ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് കെ എല്‍ 78 ബി 8608 നമ്പര്‍ ബൈക്കില്‍ പോവുകയായിരുന്ന ഇവരില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. പൊലീസ് കൈ കാണിച്ച് വാഹനം നിര്‍ത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടാങ്ക് കവറില്‍ സൂക്ഷിച്ച നിലയിലും രണ്ടുപേരുടെയും അരയില്‍ ഒളിപ്പിച്ച നിലയിലും കഞ്ചാവ് അടങ്ങിയ പൊതികള്‍ കണ്ടെടുത്തത്.

മാനന്തവാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ കെ സോബിന്‍, എ എസ് ഐ സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ സുഷാന്ത്, മനു അഗസ്റ്റ്യന്‍, സിവില്‍ പൊലീസ് ഓഫീസറായ ഇ സി ഗോപി, പ്രജീഷ്, ശ്രീജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.