തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോയ്ക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് തടസമുണ്ടാകില്ല. ആവശ്യത്തിന് പണമുണ്ടാകും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഇപ്പോൾ സാധനങ്ങളുണ്ട്. സാധനങ്ങളുടെ വരവിൽ ഇനി കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ചെലവഴിക്കൽ മുൻഗണനകളിൽ മാറ്റം വരും. മുൻഗണന കൊടുക്കേണ്ട കാര്യങ്ങൾക്കു മുൻഗണന നൽകും. ചെലവഴിക്കേണ്ട കാര്യങ്ങളിൽനിന്നു മുഖം തിരിക്കില്ല.
പദ്ധതികളിലെ പ്രധാന നിർദേശങ്ങൾ ഒന്നും വെട്ടിക്കുറയ്ക്കില്ല. എന്നാൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. എല്ലാകാര്യവും നടത്തിത്തീർക്കാൻ നിലവിൽ ലഭ്യമാകുന്ന വിഭവങ്ങൾ തികയില്ല. ആവശ്യമുണ്ടാകുന്പോൾ പണം ചെലവഴിക്കേണ്ടി വരും. സ്വാഭാവികമായും ഇതിനുള്ള പണം കണ്ടെത്തണം. ഫീസുകളിൽ കാലോചിതമായ വർധന വേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിനുള്ള അർഹമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് എംപിമാരും പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്. ഒരുമിച്ച് നിൽക്കാമെന്ന് എംപിമാർ പറഞ്ഞു. പ്രതിപക്ഷ സംസ്ഥാനങ്ങളെ മോശമായി കൈകാര്യം ചെയ്യുന്നുവെന്ന അഭിപ്രായം യുഡിഎഫിനുമുണ്ട്.
മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ മുതിർന്ന കോണ്ഗ്രസ് നേതാവ് കെ.സി വേണുഗോപാലടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതേ സ്ഥിതിയിലുള്ള മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ബാലഗോപാൽ പറഞ്ഞു.