കണ്ണൂരിൽ അടുത്ത ആഴ്ച നടക്കുന്ന മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു
കണ്ണൂർ: അടുത്ത ആഴ്ച നടക്കുന്ന മകന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ നാറാത്ത് ആലിങ്കീലിൽ ബൈക്കിൽ ബസ്സിടിച്ചാണ് കണ്ണാടിപ്പറമ്ബ് മാലോട്ട് സ്വദേശി അശ്റഫ്(52) മരണപ്പെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. നാറാത്ത് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും അതേ ദിശയിൽ പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ അശ്റഫിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ആഗസ്‌ത് 4, 5 തിയ്യതികളിൽ മൂത്തമകൻ അർഷിദിൻ്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം.
ഷാർജയിൽനിന്ന് രണ്ടാഴ്‌ച മുമ്ബാണ് അശ്റഫ് നാട്ടിലെത്തിയത്. വിദേശത്തുള്ള മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ് അപകടം. നാറാത്ത് ജുമാമസ്‌ജിദിനു സമീപം അൽബുർജിലെ കെ എൻ റാസിയയാണ് ഭാര്യ. മക്കൾ: അർഷിദ്, റസിൻ, റിസാൻ, ആയിഷ, പരേതനായ അബ്‌ദുല്ല.