ഒളിംപിക്സ് മാമാങ്കത്തിന് വർണാഭമായ തുടക്കം; പാരിസിൽ ദൃശ്യവിരുന്നൊരുക്കി ഉദ്ഘാടന ചടങ്ങ്

ഒളിംപിക്സ് മാമാങ്കത്തിന് വർണാഭമായ തുടക്കം; പാരിസിൽ ദൃശ്യവിരുന്നൊരുക്കി ഉദ്ഘാടന ചടങ്ങ്




പാരിസ്: ലോകത്തിനാകെ ദൃശ്യവിരുന്നേകി പാരിസ് ഒളിമ്പിക്‌സിന് വർണാഭമായ തുടക്കം. ഓസ്റ്റര്‍ലിസ് പാലത്തില്‍ ഫ്രഞ്ച് പതാകയുടെ മാതൃകയില്‍ വര്‍ണവിസ്മയം തീര്‍ത്താണ് ഒളിമ്പിക്‌സ് ദീപശിഖയെ പാരിസ് വരവേറ്റത്. പിന്നാലെ ഓരോ രാജ്യങ്ങളുടേയും ഒളിമ്പിക് സംഘങ്ങളുമായി ബോട്ടുകളെത്തി.

ഗ്രീസ് സംഘത്തിന്റെ ബോട്ടാണ് സെന്‍ നദിയുടെ ഓളപ്പരപ്പില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അഭയാര്‍ഥികളായ താരങ്ങളുടെ ബോട്ടുമെത്തി. പരമ്പരാഗത മാർച്ച് പാസ്റ്റ് രീതി പൊളിച്ചുകൊണ്ടാണ് 90-ലേറെ ബോട്ടുകളിലായി സെൻ നദിയിലൂടെ ആറുകിലോമീറ്റർ സഞ്ചരിച്ച് പതിനായിരത്തിലേറെ ഒളിമ്പിക്സ് താരങ്ങള്‍ എത്തുന്നത്.

ഫ്രഞ്ച് മൊറോക്കൻ നടൻ ജമെൽ ഡെബ്ബൗസ് വീഡിയോയിൽ ഒളിംപിക്സ് ദീപശിഖയുമായി ആദ്യം പ്രത്യക്ഷപ്പെട്ടു. പിന്നാലെ ഫ്രാൻസ് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ വീഡിയോയിൽ ഒളിംപിക്സ് ദീപശിഖയുമായി പ്രത്യക്ഷപ്പെട്ടു. ഫ്രാൻസ് പ്രസി‍ഡന്റ് ഇമ്മാനുവേൽ മാക്രോണും അന്താരാഷ്‌ട്ര ഒളിംപിക്സ് കമ്മറ്റി പ്രസി‍ഡന്റ് തോമസ് ബാച്ചും വേദിയിൽ ഉണ്ടായിരുന്നു.

ബാഡ്മിന്റൺ താരം പിവി സിന്ധുവാണ് ഇന്ത്യൻ സംഘത്തിനൊപ്പം പതാകയേന്തിയത്. പാലങ്ങളിൽ, ബഹുനില കെട്ടിടത്തിന് മുകളിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടം താരങ്ങളെ അഭിവാദ്യം ചെയ്തു. ആദ്യം ഗ്രീസ്, പിന്നാലെ ദക്ഷിണാഫ്രിക്ക അങ്ങനെ ഓരോ രാജ്യങ്ങളിലെ താരങ്ങളും ബോട്ടിലൂടെ പാരീസ് നഗരഹൃദയത്തിലൂടെ ഒഴുകി.

കനത്ത മഴയെ അവഗണിച്ചാണ് പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ കാണാനായി ലക്ഷക്കണക്കിനുപേർ സെന്‍ നദിക്കരയിലെത്തിയത്. പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീതപരിപാടി ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന്റെ ആവേശം ഇരട്ടിയാക്കി. നോത്രദാം പള്ളിയ്‌ക്ക് സമീപമൊരുക്കിയ പ്രത്യേക ഇടത്തായിരുന്നു ഗാഗയുടെ പ്രകടനം. ‘ദി കാന്‍ കാന്‍’ എന്ന ഫ്രഞ്ച് കാബറെ ഗാനമാണ് ലേഡി ഗാഗ പാരിസ് ഒളിമ്പിക്‌സ് ഉദ്ഘാടനവേദിയില്‍ ആലപിച്ചത്.