കോളടിച്ച് ഇന്ത്യക്കാർ! ബജാജ് സിഎൻജിക്ക് ടിവിഎസിന്‍റെ ചെക്ക്! വരുന്നൂ ജൂപ്പിറ്റർ സിഎൻജി!


കോളടിച്ച് ഇന്ത്യക്കാർ! ബജാജ് സിഎൻജിക്ക് ടിവിഎസിന്‍റെ ചെക്ക്! വരുന്നൂ ജൂപ്പിറ്റർ സിഎൻജി!


അടുത്തിടെ ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായ ഫ്രീഡം 125 പുറത്തിറക്കിക്കൊണ്ട് ബജാജ് ഒരു വിപ്ലവത്തിനാണ് തിരികൊളുത്തിയത്. കമ്പനി  തയ്യാറാക്കിയ സിഎൻജി സാങ്കേതികവിദ്യ ഭാവിയിൽ മറ്റ് സിഎൻജി ഇരുചക്രവാഹനങ്ങൾ പുറത്തിറക്കുന്നത് ബജാജിനെ എളുപ്പമാക്കും. അതേസമയം, സിഎൻജി വിഭാഗത്തിൽ ഇരുചക്ര വാഹനം പുറത്തിറക്കാൻ ബജാജിന്‍റെ മുഖ്യ എതിരാളിയായ ടിവിഎസും നീക്കം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. അങ്ങനെ ലോകത്തെ ആദ്യത്തെ സിഎൻജി സ്കൂട്ടർ നിർമ്മാതാക്കളാകാൻ ടിവിഎസ് പദ്ധതിയിടുന്നു. 

കഴിഞ്ഞ കുറേ വർഷങ്ങളായി വിവിധ ബദൽ ഇന്ധന സാങ്കേതികവിദ്യകളിൽ ടിവിഎസ് പ്രവർത്തിക്കുന്നു. കമ്പനി ഇതിനകം സിഎൻജി ഓപ്ഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും  U740 എന്ന കോഡ് നാമത്തിലുള്ള 125 സിസി സിഎൻജി സ്കൂട്ടറിൻ്റെ ജോലി ടിവിഎസ് ആരംഭിച്ചു എന്നുമാണ് റിപ്പോർട്ടുകൾ. ടിവിഎസ് ജൂപ്പിറ്ററിന്‍റെ സിഎൻജി പതിപ്പായിരിക്കും ഇതെന്നും 2024-ൻ്റെ അവസാന പാദത്തിലോ 2025-ൻ്റെ ആദ്യ പകുതിയിലോ ഈ സിഎൻജി സ്‍കൂട്ടറിന്‍റെ ലോഞ്ച് നടക്കാൻ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

പ്രതിമാസം ഏകദേശം 1,000 യൂണിറ്റ് സിഎൻജി അധിഷ്ഠിത സ്‌കൂട്ടറുകൾ വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു . 18 ശതമാനം വിപണി വിഹിതമുള്ള രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര വാഹന നിർമ്മാണ കമ്പനിയാണ് ടിവിഎസ് മോട്ടോർ. 3.15 ദശലക്ഷം യൂണിറ്റുകളാണ് കമ്പനിയുടെ വിൽപ്പന. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്കൂട്ടർ നിർമ്മാതാക്കളും ടിവിഎസ് തന്നെയാണ്. രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറുകളിൽ നാലിൽ ഒന്ന് ടിവിഎസിൽ നിന്നാണെന്നാണ് കണക്കുകൾ. പ്രതിവർഷം 10 ലക്ഷം മോട്ടോർസൈക്കിളുകളും അഞ്ച് ലക്ഷം സ്കൂട്ടറുകളും വിൽക്കുന്നു.