കനത്ത മഴയിൽ പുന്നാട് വീട് ഭാഗികമായി തകർന്നു; അയ്യൻകുന്നിൽ വീടിന് ഭീഷണി തീർത്ത് കൂറ്റൻ പാറ ഇളകി വീണു

കനത്ത മഴയിൽ  പുന്നാട് വീട് ഭാഗികമായി തകർന്നു; അയ്യൻകുന്നിൽ വീടിന് ഭീഷണി തീർത്ത്  കൂറ്റൻ പാറ ഇളകി വീണു 



ഇരിട്ടി:  മലയോര മേഖലകളിൽ പെയ്യുന്ന കനത്ത മഴ നാശനഷ്ടങ്ങൾക്കും  മേഖലയിലെ  ജനജീവിതത്തെയും  ബാധിച്ചു തുടങ്ങി. തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിൽ മീത്തലെ പുന്നാട്  വീട് ഭാഗികമായി തകർന്നു. മുഴക്കുന്നിലെ ഊവ്വാപ്പളളിയിൽ വീട്ടുമുറ്റത്ത്  വലിയ വിള്ളൽ രൂപപ്പെട്ടു. അയ്യൻകുന്ന് മുരിക്കുംകരിയിൽ കുന്നിൽ നിന്നും കൂറ്റൻ പറ ഇളകി വീണ്   വീട് അപകട ഭീഷണിയിലായി. പ്രധാന പുഴകളായ ബാവലിയിലും , ബാരാപോളിലും  ഉൾപ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പലയിടങ്ങളിലായി റോഡുകളിൽ ഉണ്ടാകുന്ന  വെള്ളക്കെട്ടും  ഗതാഗതത്തെ ബാധിക്കുകയാണ്. 
ഊവ്വാപ്പള്ളിയിലെ ടി .എ. കുഞ്ഞാമിനയുടെ വീട്ടുമുറ്റത്താണ് വലിയ വിള്ളൽ രൂപപ്പെട്ടത്. വീടിന് സമീപത്തായി മീറ്ററുകൾ നീളത്തിൽ  വലിയ ഗർത്തവും വിള്ളലും ഉണ്ടായിട്ടുണ്ട്. മഴകനത്തതോടെ വിള്ളൽ വലുതായി വരുന്നത് വീട്ടുകാരെ ഭീതിയിലാക്കുകയാണ്.  
 മീത്തലെ പുന്നാട് കല്ലങ്കോട്  എം. കെ. കമലാക്ഷിയമ്മയുടെ വീടാണ് കനത്ത മഴയിൽ  ഭാഗികമായി തകർന്നത്. വീടിന്റെ അടുക്കള ഭാഗമാണ് തകർന്ന് വീണത്. ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. അയ്യൻകുന്ന്  ഗ്രാമപഞ്ചായത്തിലെ മുരിക്കുംകരിയിൽ  ജോയ് കവുങ്ങുംകുഴിയുടെ വീടിന്റെ പുറകുവശമാണ് കനത്ത മഴയിൽ മലയിൽ നിന്നും കൂറ്റൻ പാറ ഇളകിയെത്തി വീട് അപകടഭീഷണിയിലായത്. വീടിന്റെ ചുമർ ഭാഗികമായി തകർന്നു. 
പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേലിന്റെ നേതൃത്വത്തിൽ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, സീമ സനോജ്, വാർഡ് അംഗം  സെലീന ബിനോയ്, വില്ലേജ് ഓഫീസർ ജിജു, ആന്റണി മെച്ചേരിക്കുന്നേൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
ഇരിട്ടി- പേരാവൂർ റൂട്ടിൽ പയഞ്ചേരിയിലും  ഊവ്വാപ്പള്ളിയിലും റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. മേഖലയിൽ ചെറു  തോടുകളിലും അരുവികളിലും ജനനിരപ്പ് ക്രമാതീതമായി ഉയർന്നു.