ഇന്നെങ്കിലും കണ്ടെത്തുമെന്ന് കരുതി, മലയാളികളെത്തിയത് പ്രകോപനമായി'; ലോറി ഉടമയ്ക്ക് ഉദ്യോ​ഗസ്ഥരുടെ മർദനം


ഇന്നെങ്കിലും കണ്ടെത്തുമെന്ന് കരുതി, മലയാളികളെത്തിയത് പ്രകോപനമായി'; ലോറി ഉടമയ്ക്ക് ഉദ്യോ​ഗസ്ഥരുടെ മർദനം





ബെം​ഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിനിടെ ലോറി ഉടമയും പൊലീസും തമ്മിൽ വാക്കേറ്റം. രക്ഷാപ്രവർത്തനം മന്ദ​ഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയ ലോറി ഉടമ മനാഫിനെ പൊലീസ് ഉദ്യോഗസ്ഥർ തളളിമാറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരികയാണെന്ന് മനാഫ്  പറഞ്ഞു.

കേരളത്തിൽ നിന്നും രക്ഷാപ്രവർത്തനത്തിന് ആളുകൾ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനായി നിരവധി ഉദ്യോ​ഗസ്ഥൻമാരെ ബന്ധപ്പെട്ടിരുന്നു. രഞ്ജിത്തുമായി വന്നപ്പോൾ തന്നെ എൻട്രൻസിൽ തടഞ്ഞുവെന്ന് മനാഫ് പറഞ്ഞു. നിരവധിയിടങ്ങളിൽ ഉദ്യോ​ഗസ്ഥർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. പലയിടത്തു നിന്നും മർദനം ഏറ്റുവാങ്ങേണ്ടി വന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ട്. രക്ഷാപ്രവർത്തനത്തിന് കേരളത്തിൽ നിന്ന് ആളുകൾ എന്തിനാണെന്ന് ചോദിച്ചായിരുന്നു മർദനം. ഇന്നും നേരം വൈകിവരികയാണ്. വീഡിയോയിൽ കാണുന്ന എല്ലാ ഉദ്യോ​ഗസ്ഥരും അടിച്ചിട്ടുണ്ട്. എസ്പിയെ മാറ്റണമെന്ന് കർണാടക ചാനലിൽ സംസാരിക്കുമ്പോൾ ആവശ്യപ്പെട്ടിരുന്നു. എളുപ്പത്തിൽ നടത്താവുന്ന രക്ഷാപ്രവർത്തനമാണ് വളരെ കോംപ്ലിക്കേറ്റഡായി നടത്തുന്നത്. അർജുനെ കാണാതായിട്ട് 5 ദിവസമായി. മാധ്യമങ്ങളുടെ ശ്രദ്ധ വന്നതോടെയാണ് ഇന്നലെ പരാതി പോലും വാങ്ങുന്നത്. പരാതി നൽകാനെത്തിയ അനിയനേയും ബന്ധുക്കളേയും മണിക്കൂറുകളാണ് സ്റ്റേഷനിൽ വെച്ചതെന്നും മനാഫ് പറഞ്ഞു.

അതേസമയം, അർജുന്‍റെ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാ പ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ ഇമെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. 5 ദിവസം പിന്നിട്ട തിരച്ചിലിലും അ‌ർജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്.

അ‍ർജുനെ കണാതായിട്ട് അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാർ ഉപയോ​ഗിച്ചുളള പരിശോധനയാണ് നടക്കുന്നത്. അത്യാധുനിക റഡാർ പരിശോധന ആറ് മണിക്കൂർ പിന്നിടുമ്പോഴും അർജുൻ എവിടെ എന്നതിൽ ഇപ്പോഴും ഒരു സൂചനയും ലഭിച്ചിട്ടില്ല. ലോറിയുടേതെന്ന് സ്ഥിരീകരിക്കാൻ തക്കവിധത്തിലുള്ള സി​ഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദൗത്യസംഘത്തിന്റെ വെളിപ്പെടുത്തൽ. മം​ഗളൂരിൽ നിന്ന് റഡാർ എത്തിച്ചാണ് മണ്ണിടിഞ്ഞ സ്ഥലത്ത് പരിശോധന നടത്തുന്നത്. സൂറത്കൽ എൻ ഐ ടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തുന്നത്.

നേരത്തെ റഡാറിൽ 3 സി​ഗ്നലുകൾ ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്ക് വ്യക്തതയില്ലായെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാൽ ​സി​ഗ്നൽ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സംഭവ സ്ഥലമായ ഷിരൂർ സന്ദർശിച്ചിരുന്നു. രക്ഷാപ്രവർത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് കുമാരസ്വാമി പ്രതികരിച്ചു. സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എൻ ഡി ആർ എഫ് സംഘം അവരുടെ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. എഴുപതോളം രക്ഷാപ്രവർത്തകരാണ് സംഭവസ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നത്. ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അര്‍ജുനെക്കുറിച്ചുള്ള ശുഭവാര്‍ത്ത വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.