ഒമാൻ വെടിവെപ്പ്; ഇന്ത്യക്കാരന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ എംബസിയിൽ നേരിട്ടെത്തി ഒമാൻ അണ്ടർ സെക്രട്ടറി


ഒമാൻ വെടിവെപ്പ്; ഇന്ത്യക്കാരന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ എംബസിയിൽ നേരിട്ടെത്തി ഒമാൻ അണ്ടർ സെക്രട്ടറി


മസ്കറ്റ്: ഒമാനിലെ വാദി കബീറിൽ ഏതാനും ദിവസം മുമ്പുണ്ടായ വെടിവെപ്പിൽ  മരണപ്പെട്ട ഇന്ത്യക്കാരന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഒമാൻ. ഒമാൻ വിദേശകാര്യ മന്ത്രാലയ അണ്ടർസെക്രട്ടറി ഖാലിദ് മുസ്‌ലാഹി, നേരിട്ട് മസ്കറ്റിലെ ഇന്ത്യൻ എംബസിയിലെത്തി  അനുശോചനം അറിയിക്കുകയായിരുന്നു. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, അണ്ടർ സെക്രട്ടറി ഖാലിദ് മുസ്‌ലാഹിയുടെ സന്ദർശനത്തെ അഭിനന്ദിക്കുകയും ഒമാനി അധികൃതരുടെ വേഗത്തിലുള്ള പ്രവർത്തനത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുകയും  ചെയ്തു.

സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് അക്രമികളും ഒമാനി സഹോദരന്മാരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഭവത്തില്‍ മൂന്നു പേരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് വെടിവെപ്പ് നടന്നത്. ഇന്ത്യക്കാരനുൾപ്പെടെ ഒമ്പതു പേരാണ്​ മരിച്ചത്​. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേറ്റു. ഒരു റോയൽ ഒമാൻ പൊലീസ്​ ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്. ഇന്ത്യൻ പൗരനായ ബാഷ ജാൻ അലി ഹുസൈനാണ് വെടിവെപ്പിൽ മരിച്ച ഇന്ത്യക്കാരൻ. നാല് പാകിസ്ഥാൻ പൗരന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 

മരിച്ച ഇന്ത്യക്കാരന്റെ മകൻ തൗസീഫ് അബ്ബാസുമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംങ് സംസാരിച്ചിരുന്നു. കുടുംബത്തിന് ആവശ്യമുള്ള എല്ലാ സഹായവും എംബസി നൽകുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. വെടിവെപ്പിൽ പരിക്കേറ്റ് മൂന്ന് ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്. ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു. പരിക്കേറ്റവരുടെ ബന്ധുക്കളുമായും ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് സംസാരിച്ചു. എല്ലാ സഹായവും എംബസി നൽകുമെന്ന് അറിയിച്ചു.