ദില്ലി:ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ മോദിക്കെതിരായ ഒളിയമ്പിൽ മൗനം പാലിച്ച് ബിജെപി. വിഷയത്തിൽ പരസ്യ ചർച്ച പാടില്ലെന്ന് ബിജെപി നേതാക്കൾക്ക് പാർട്ടി നിർദ്ദേശം നല്കി. ചിലർ ഭഗവാനാകാൻ ആഗ്രഹിക്കുന്നു എന്ന മോഹൻ ഭാഗവതിൻറെ പരാമർശം ചർച്ചയാകുമ്പോഴാണ് വിവാദം ഒഴിവാക്കാൻ ബിജെപി നിർദ്ദേശിക്കുന്നത്.
നാഗ്പൂരിൽ നിന്ന് മോദിക്കുള്ള മിസൈലാണിതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കളിയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷമുള്ള പ്രസംഗങ്ങളിൽ മോഹൻ ഭാഗവത് നിരന്തരം സർക്കാരിന് പരോക്ഷ മുന്നറിയിപ്പ് നല്കിയിരുന്നു. ഇതാദ്യമായാണ് എന്നാൽ മോദിക്കെതിരായ പരോക്ഷ വിമർശനം. ബിജെപിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർഎസ്എസ് സഹായം ആവശ്യമില്ല എന്ന ജെപി നദ്ദയുടെ പരാമർശം നേരത്തെ ആര്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു.
ചിലർക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ഭഗവാൻ വിശ്വരൂപമാണെന്നുമായിരുന്നു മോഹൻ ഭാഗവതിന്‍റെ വിമര്‍ശനം. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല. ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ജാർഖണ്ഡിലെ പരിപാടിയിലായിരുന്നു പരാമർശം.
കൊവിഡ് -19 മഹാമാരിക്ക് ശേഷം ലോകം മുഴുവൻ ഇന്ത്യയാണ് ലോകത്തിന് സമാധാനത്തിലേക്കുമുള്ള പാതയെന്ന് വഴിയൊരുക്കുന്നത് വ്യക്തമായതയാകും അദ്ദേഹം പറഞ്ഞു. സനാതൻ ധർമ്മം മനുഷ്യരാശിയുടെ ക്ഷേമത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. കഴിഞ്ഞ 2,000 വർഷങ്ങളിൽ വിവിധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ പരമ്പരാഗത രീതിയിൽ വേരൂന്നിയ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതിൽ അവയെല്ലാം പരാജയപ്പെട്ടു.
കൊറോണയ്ക്ക് ശേഷം, സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള മാർഗം ഇന്ത്യക്കുണ്ടെന്ന് ലോകം മനസ്സിലാക്കിയെന്നും ഭഗവത് പറഞ്ഞു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ വികാസ് ഭാരതി സംഘടിപ്പിച്ച ഗ്രാമതല തൊഴിലാളി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "സനാതൻ സംസ്‌കൃതിയും ധർമ്മവും വന്നത് രാജകൊട്ടാരങ്ങളിൽ നിന്നല്ല, ആശ്രമങ്ങളിൽ നിന്നും വനങ്ങളിൽ നിന്നുമാണ്. മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ വസ്ത്രങ്ങൾ മാറിയേക്കാം, പക്ഷേ നമ്മുടെ സ്വഭാവം ഒരിക്കലും മാറില്ലെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.