കല്‍പ്പറ്റ: ഒരു ഇടവേളക്കുശേഷം മഴ കനക്കുകയാണ് വയനാട്ടില്‍. 2019-ല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പുത്തുമല ഉള്‍പ്പെടുന്ന മേഖലയിലും മുണ്ടക്കൈയിലുമാണ് ആശങ്കയേറ്റുന്ന തരത്തില്‍ മഴ തുടരുന്നത്. വയനാട്ടില്‍ പരക്കെ മഴയുണ്ടെങ്കിലും സംസ്ഥാനത്ത് അതിതീവ്രമഴ ലഭിച്ചത് മേപ്പാടി മേഖലയിലാണ്. മേപ്പാടി വെള്ളരിമല വില്ലേജിലാണ് സംസ്ഥാനത്ത് തന്നെ അതിതീവ്ര മഴ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇവിടങ്ങളില്‍ യഥാക്രമം 202,200 മില്ലിമീറ്റര്‍ മഴയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്തിറങ്ങിയത്. പുത്തുമല ഉള്‍പ്പെടുന്ന മേഖലയായതിനാല്‍ തന്നെ ജില്ല ഭരണകൂടം അതീവ ജാഗ്രതയിലാണ്. അപകട സാധ്യതയുള്ള മിക്ക പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് ഇതിനകം തന്നെ മാറ്റിയിട്ടുണ്ട്. രണ്ട് ദുരാതാശ്വാസ ക്യാമ്പുകളിലേക്കാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
മേപ്പാടി മേഖലയിലെ റിസോര്‍ട്ടുകളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കി തദ്ദേശഭരണ സ്ഥാപനങ്ങള്‍ കര്‍ശനനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിടണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടണം. - ബാണാസുരസാഗര്‍ ഡാമില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ജലമെത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
രാത്രി മഴ ശക്തമായാല്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഡാം തുറക്കും ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ ഉള്ളവരോടും വെള്ളമൊഴുക്കിവിടുന്ന ജലാശയങ്ങളുടെ തീരത്തുള്ളവരോടും ജാഗ്രത പുലര്‍ത്താന്‍ ജില്ല ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയിൽ മാനന്തവാടി മേഖലയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വാളാട് കുഞ്ഞോം റോഡില്‍ ചേരിയ മൂലയിലും മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചുണ്ടക്കുന്ന് കോളനിയിലുമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മഴ ശക്തമായ സാഹചര്യത്തില്‍ സുല്‍ത്താന്‍ബത്തേരി താലൂക്കിലും പുല്‍പ്പള്ളി മേഖലയിലും ജാഗ്രത തുടരുകയാണ്.