പലവട്ടം പരാതി, ഒടുവിൽ ഭക്ഷണത്തിൽ വരെ പുഴു, തിരൂരിൽ വിദ്യാര്‍ത്ഥിനികൾ കൂട്ടത്തോടെ തെരുവിൽ, ഉടൻ ഇടപെട്ട് മന്ത്രി


പലവട്ടം പരാതി, ഒടുവിൽ ഭക്ഷണത്തിൽ വരെ പുഴു, തിരൂരിൽ വിദ്യാര്‍ത്ഥിനികൾ കൂട്ടത്തോടെ തെരുവിൽ, ഉടൻ ഇടപെട്ട് മന്ത്രി


മലപ്പുറം: തിരൂരിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് ഭക്ഷണത്തിൽ പുഴു വീണതിന് പിന്നാലെ സംഘടിച്ച് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികൾ. ജി.ജി.എച്ച്.എസ്.എസ് തിരൂരിലെ വിദ്യാര്‍ത്ഥിനികളാണ് പ്രതിഷേധവുമായി റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. ഓടിട്ട പഴകിയ കെട്ടിടത്തിൽ നിന്ന് നിന്ന് പലപ്പോഴായി പുഴു ശല്യം ഉണ്ടായതായി പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതരും പിടിഎയും നടപടിയെടുക്കാതിരുന്നതോടെയാണ് വിദ്യാര്‍ത്ഥിനികൾ പ്രതിഷേധം ഉയര്‍ത്തിയത്. സ്കൂളിന് മുന്നിലെ റോഡ് ഉപരോധിച്ച വിദ്യാര്‍ത്ഥിനികൾ സ്കൂളിനകത്ത് ഏറെ നേരം പ്രതിഷേധിച്ചു. 

അതേസമയം, സംഭവത്തിൽ പരിശോധിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മലപ്പുറം ആർ.ഡി.ഡി. യെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ജി ജി എച്ച് എസ് എസ് തിരൂരിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിലേക്ക് നയിച്ച കാരണങ്ങൾ ഡയറ്റിന്റെ സ്ഥലത്തുള്ള മരങ്ങൾ സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞ് ഇലകൾ വീണ് പുഴു ശല്യം ഉണ്ടാകുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് ശാശ്വതമായ പരിഹാരമെന്ന നിലയിൽ മരം അടിയന്തരമായി മുറിച്ചു മാറ്റാൻ ഡയറ്റ് പ്രിൻസിപ്പാളിന് നിർദേശം നൽകിയിട്ടുണ്ട്.

സ്കൂളിന്  പുതിയ കെട്ടിടം പണിയുന്നത് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി തൊണ്ണൂറ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സാങ്കേതിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി അടിയന്തിരമായി കെട്ടിടം പണിയാനുള്ള നടപടിയുണ്ടാകും.  പ്രിൻസിപ്പാളിനോട് സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ  സ്കൂളും കോമ്പൗണ്ടും അടിയന്തരമായി ശുചീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

തലക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമായും സംസാരിച്ചു. സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ പഞ്ചായത്ത്  ക്രിയാത്മകമായി ഇടപെടും.  നിലവിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ ഫണ്ട് അനുവദിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിന്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ബന്ധപ്പെട്ട ജനപ്രതിനിധികൾ നിവേദനം നൽകിയാൽ അക്കാര്യവും പരിഗണിക്കും. സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും മന്ത്രി കുറിപ്പിൽ ആവശ്യപ്പെട്ടു.