ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; നിതി ആയോഗ് യോഗം കോൺ​ഗ്രസ് ബഹിഷ്കരിക്കും

ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; നിതി ആയോഗ് യോഗം കോൺ​ഗ്രസ് ബഹിഷ്കരിക്കും


ദില്ലി: ബജറ്റിനെതിരെ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കും. പ്രധാന കവാടത്തിലും ഇരുസഭകളിലും പ്രതിഷേധമറിയിക്കും. ബജറ്റിന്മേല്‍ ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് തീരുമാനം. ബജറ്റ് വിവേചനപരമെന്നാരോപിച്ച് നിതി ആയോഗ് യോഗവും കോണ്‍ഗ്രസ് ബഹിഷ്കരിക്കും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല. നിതി ആയോഗ് യോഗത്തിൽ നിന്ന് വിട്ട് നിൽക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

ബജറ്റിൽ കർണാടക സർക്കാരിനോട് കാണിച്ചത് കടുത്ത അനീതിയാണ്. ഏറ്റവും കൂടുതൽ നികുതിയിനത്തിൽ വരുമാനം നൽകുന്ന സംസ്ഥാനമായിട്ടും കർണാടകത്തിന് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. ഇതിൽ പ്രതിഷേധിച്ചാണ് നിതി ആയോഗ് യോഗം ബഹിഷ്കരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. കസേര സംരക്ഷണ ബജറ്റാണിതെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്.

കോൺഗ്രസിന്‍റെ  പ്രകടനപത്രിക കോപ്പിയടിച്ചതാണിത്. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കുകയും ചെയ്യുകയാണ്. സാധാരണ ഇന്ത്യക്കാർക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസും രംഗത്തെത്തി. പരാജയപ്പെട്ട ബജറ്റാണിത്. ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികൾക്ക് കൈക്കൂലി നൽകുന്നതാണ് ബജറ്റ്. സർക്കാരിന് തക‍ർച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂൽ കോൺ​ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.