വയനാട് വഴി മയക്കുമരുന്ന് കടത്തൽ: അതിർത്തികളിൽ പോലീസ് പരിശോധന

വയനാട് വഴി മയക്കുമരുന്ന് കടത്തൽ:  
അതിർത്തികളിൽ പോലീസ് പരിശോധന







 
ഇരിട്ടി: വയനാട്ടിൽ നിന്നും ജില്ലയിലേക്ക് കഞ്ചാവ് , എം ഡി എം എ അടക്കമുള്ള മയക്കുമരുന്നുകളുടെ കടത്ത് വ്യാപകമായതോടെ നിടുംപൊയിൽ പാൽചുരം പാതകളിൽ പോലീസ് പരിശോധന ശക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് വാഹന പരിശോധന ശക്തമാക്കിയത്. കർണ്ണാടകത്തിൽ നിന്നും കണ്ണൂർ ജില്ലയിൽ എത്തുന്ന പ്രധാന പാതയായ കുടക്- ഇരിട്ടി പാതയിലെ അതിർത്തിയായ കൂട്ടുപുഴയിൽ പോലീസും, എക്സൈസും പരിശോധന ശക്തമാക്കുകയും അടുത്തകാലത്ത് നിരവധി മയക്കുമരുന്ന് കടത്തുകാർ പിടിയിലാവുകയും ചെയ്തതോടെയാണ്  കടത്തുകാർ ഏറെയൊന്നും പരിശോധന നടക്കാത്ത  വയനാട് പാത തിരഞ്ഞെടുത്തത്.  കേളകം പോലീസ് സ്റ്റേഷന്‍ പരിധിയും ജില്ലാ അതിര്‍ത്തിയുമായ പാല്‍ചുരം, നെടുംപൊയില്‍ മേഖലകളിലാണ് വാഹന പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് നിർദ്ദേശം.