വാട്സ്ആപ്പ് ഇന്ത്യയിൽ സേവനങ്ങൾ അവസാനിപ്പിക്കുന്നു? വിവരങ്ങൾ പങ്കിട്ട് അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഇന്ത്യയിൽ വാട്സ്ആപ്പ് സേവനങ്ങൾ നിർത്തുവെന്ന വാർത്ത വ്യാജമാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വാട്സ്ആപ്പോ മാതൃകമ്പനിയായ മെറ്റയോ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും കേന്ദ്രമന്ത്രി രാജ്യസഭയിൽ അറിയിച്ചു. കോൺഗ്രസ് എംപി വിവേക് തൻഖയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.
2000-ലെ ഐടി നിയമത്തിലെ സെക്ഷൻ 69-എ പ്രകാരം സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി, വാട്സ്ആപ്പിലെ ഉപയോക്തൃ വിശദാംശങ്ങൾ പങ്കിടാനുള്ള സർക്കാർ നിർദേശങ്ങൾ കാരണം ഇന്ത്യയിലെ സേവനങ്ങൾ അവസാനിപ്പിക്കാൻ വാട്സ്ആപ്പ് പദ്ധതിയിടുകയാണോ എന്നായിരുന്നു കോൺഗ്രസ് എംപിയുടെ ചോദ്യം. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, പ്രതിരോധം, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം എന്നിവ മെച്ചപ്പെടുത്തുന്നതിനായാണ് അത്തരത്തിൽ നിർദേശം മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് എൻഡ്-ടു എൻക്രിപ്ഷൻ ഭേദിച്ചാൽ സേവനം നിർത്തുമെന്ന് വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.
രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സമൂഹമാദ്ധ്യമ ആപ്പാണ് വാട്സ്ആപ്പ്. 400 ദശലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ വാട്സ്ആപ്പ് ഉപയോക്താക്കൾ. സന്ദേശമയക്കുന്നതിലും ആശയവിനിമയം ലളിതമാക്കുകയും ചെയ്യുന്നതിൽ ലോകത്തെ നയിക്കുന്നത് ഇന്ത്യയാണെന്നും മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് നേരത്തെ പറഞ്ഞിരുന്നു.