സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് മറിഞ്ഞു, കോഴിക്കോട് മധ്യവയസ്‌കന് ദാരുണാന്ത്യം

സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് മറിഞ്ഞു, കോഴിക്കോട് മധ്യവയസ്‌കന് ദാരുണാന്ത്യം


കോഴിക്കോട്: ബാലുശേരി കരിയാത്തൻ കാവ് തോട്ടിൽ 55 കാരൻ മുങ്ങിമരിച്ചു. 55 വയസോളം പ്രായമുള്ള മുഹമ്മദാണ്‌ മരിച്ചത്. കിനാലൂരിൽ വാടകക്ക് താമസിക്കുകയായിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഇന്നലെ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് മറിഞ്ഞാണ് ഇദ്ദേഹം മരിച്ചതെന്നാണ് കരുതുന്നത്. മഴ നനയാതിരിക്കാൻ കോട്ടും തലയിൽ ഹെൽമറ്റും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം എന്താണ് സംഭവിച്ചതെന്നോ മരിച്ചതാരാണെന്നോ ആളുകൾക്ക് മനസിലായിരുന്നില്ല. വിശദമായ പരിശോധനയിൽ തോട്ടിൽ തന്നെ മറ്റൊരു ഭാഗത്ത് സ്കൂട്ടറും കണ്ടെത്തി. ഇതോടെയാണ് അപകട മരണമായിരിക്കാം എന്ന സംശയം ഉയര്‍ന്നത്. വിശദമായ അന്വേഷണത്തിൽ കിനാലൂരിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പിന്നാലെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കും.