ഒന്നര മാസത്തിനിടെ ഏഴ് തവണ പാമ്പ് കടിയേറ്റു; യുവാവിനെ പാമ്പ് കടിക്കുന്നത് ശനിയാഴ്ചകളില്‍ മാത്രം; ഒടുവില്‍ ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു

ഒന്നര മാസത്തിനിടെ ഏഴ് തവണ പാമ്പ് കടിയേറ്റു; യുവാവിനെ പാമ്പ് കടിക്കുന്നത് ശനിയാഴ്ചകളില്‍ മാത്രം; ഒടുവില്‍ ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു


നാല്‍പ്പത് ദിവസത്തിനിടെ ഏഴ് തവണ പാമ്പ് കടിയേറ്റെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്തെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ഒഴിയുന്നു. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള വികാസ് ദ്വിവേദി എന്ന 24കാരനാണ് 40 ദിവസത്തിനിടെ തനിക്ക് ഏഴ് തവണ പാമ്പ് കടിയേറ്റെന്ന ആരോപണവുമായി രംഗത്ത് വന്നത്.

ശനിയാഴ്ചകളില്‍ മാത്രമാണ് തനിക്ക് പാമ്പ് കടിയേല്‍ക്കുന്നതെന്നും വികാസ് ആരോപിച്ചിരുന്നു. ജൂണ്‍ 2ന് ആയിരുന്നു വികാസിന് ആദ്യം പാമ്പ് കടിയേല്‍ക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച വികാസിന് മതിയായ ചികിത്സയും ലഭിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി വിട്ട ശേഷം ജൂലൈ 6 വരെ അഞ്ച് തവണ കൂടി പാമ്പ് കടിയേറ്റതായി വികാസ് ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ സംഭവം വലിയ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നാല് തവണ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് വികാസ് വീടുവിട്ട് ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ അഞ്ചാം തവണയും പാമ്പ് കടിയേറ്റതോടെ യുവാവിനെ മാതാപിതാക്കള്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

എന്നാല്‍ സ്വന്തം വീട്ടിലെത്തിയിട്ടും രണ്ട് തവണ കൂടി പാമ്പ് കടിയേറ്റതോടെ ഇയാളുടെ പിതാവ് ചികിത്സയ്ക്കായി ജില്ലാ മജിസ്‌ട്രേറ്റിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാമ്പ് കടിയുടെ രഹസ്യം പുറത്തുവരുന്നത്. ദുരൂഹ സംഭവത്തില്‍ മജിസ്‌ട്രേറ്റ്, ഡോക്ടര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പാനല്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വികാസിന് ഒഫിഡിയോഫോബിയ അഥവാ പാമ്പിനോടുള്ള അമിതമായ ഭയം എന്ന മാനസികാവസ്ഥയാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരു തവണ മാത്രമാണ് വികാസിന് യഥാര്‍ത്ഥത്തില്‍ പാമ്പ് കടിയേറ്റിരുന്നത്. തുടര്‍ന്ന് വീണ്ടും കടിയേറ്റെന്നത് യുവാവിന്റെ മാനസികാവസ്ഥ മൂലമാണെന്നും വിദഗ്ധ സമിതി വിലയിരുത്തി.