നീറ്റ് പരീക്ഷാ ക്രമക്കേട്: ഹരജികളിൽ ഇന്നും വാദം തുടരും
ന്യൂഡല്‍ഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികളിൽ ഇന്നും സുപ്രിംകോടതിയില്‍ വാദം തുടരും. എൻ.ടി.എയുടെയും കേന്ദ്ര സർക്കാരിന്റെയും വാദം കേട്ടതിനുശേഷം പരീക്ഷ വീണ്ടും നടത്തണോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.
വ്യാപക ക്രമക്കേടുകൾ ഉണ്ടായെന്ന് തെളിയിക്കാൻ ഹരജിക്കാർക്ക് സാധിച്ചിട്ടില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. ഫിസിക്സ് ചോദ്യപേപ്പറിലെ ചോദ്യത്തിന് രണ്ടുത്തരം ശരിയായത് പരിശോധിക്കാൻ ഡൽഹി ഐ.ഐ.ടിയുടെ മൂന്നംഗ സമിതിയോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി റിപ്പോർട്ട് നൽകണമെന്നാണു നിർദേശം.
സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ജൂലൈ 20ന് വിശദമായ നീറ്റ് യു.ജി ഫലം എന്‍.ടി.എ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ മറച്ചാണ് ഫലം പുറത്തുവിട്ടത്. വിവിധ സംസ്ഥാനങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലെ മാര്‍ക്കുകള്‍ തരംതിരിച്ചിരുന്നു. ജൂലൈ 20ന് ഉച്ചയ്ക്ക് മുന്‍പ് പട്ടിക വെബ്സൈറ്റിലൂടെ പുറത്തുവിടണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഒരോ കേന്ദ്രത്തിലും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക്, റോള്‍ നമ്പര്‍ മറച്ച് വിശദമായി തന്നെ പ്രസിദ്ധീകരിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. ബിഹാര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് കൂടി കോടതി തേടിയിട്ടുണ്ട്. ഇക്കാര്യം കൂടി പരിശോധിച്ച ശേഷമാകും തുടര്‍നടപടി.
പട്ടിക പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും, ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ വ്യാപ്തി കണ്ടെത്താന്‍ പട്ടിക പ്രസിദ്ധീകരിക്കല്‍ അനിവാര്യമാണെന്ന നിലപാടിലായിരുന്നു കോടതി. പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് സംശയിക്കുന്ന വിദ്യാര്‍ഥികള്‍, പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഈ പരാതി കൂടി പരിഹരിക്കാനാണ് വിശദവിവരങ്ങള്‍ പുറത്തുവിട്ടത്