കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ 'നിധി'യെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് വസ്തുക്കൾ കിട്ടിയത്. ഇന്നലെ നിധി കണ്ടെത്തിയ മഴക്കുഴിയിൽനിന്ന് വീണ്ടും നിധി കിട്ടി.
17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെത്തിയത്. വെള്ളിനാണയങ്ങളിലൊന്നും വർഷം രേഖപ്പെടുത്തിയിട്ടില്ല. ഓട്ടുപാത്രത്തിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് സ്വർണ ലോക്കറ്റുകളും നാണയങ്ങളും മുത്തുകളും ഉണ്ടായിരുന്നത്. വെള്ളിനാണയങ്ങൾ ചെളിപിടിച്ച രീതിയിലായിരുന്നെന്നും തങ്ങൾ കഴുകിയെടുത്തപ്പോഴാണ് അവ തിളങ്ങിവന്നതെന്നും തൊഴിലുറപ്പ് തൊഴിലാളികൾ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
റബ്ബർ തോട്ടത്തിൽ കുഴിയെടുത്തപ്പോഴാണ് 18 തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധി ലഭിക്കുന്നത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് നിധിയെന്ന് തോന്നുന്ന വസ്തുക്കൾ കണ്ടത്.ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നുനോക്കിയിരുന്നില്ല. പിന്നീട് ഉച്ചയോടെയാണ് തുറന്നുനോക്കുന്നത്. ഉടന്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
നിധി പോലീസ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. നിധിയിലെ നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല. നാണയങ്ങൾ പരിശോധിച്ചു പഴക്കം നിർണയിക്കുമെന്ന് പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു.