എന്‍റെ അമ്മയും അനിയത്തിയും ഒലിച്ച് പോകുന്നത് ഞാൻ കണ്ടു'; നിറക്കണ്ണുകളോടെ വിജയന്‍ പറയുന്നു


'എന്‍റെ അമ്മയും അനിയത്തിയും ഒലിച്ച് പോകുന്നത് ഞാൻ കണ്ടു'; നിറക്കണ്ണുകളോടെ വിജയന്‍ പറയുന്നു



കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവർ മരണത്തിലേക്ക് ഊർന്നുപോയത് പ്രിയപ്പെട്ടവരുടെ കൈവെള്ളയിൽ നിന്നാണ്. വീടിന്‍റെ ജനൽ കമ്പിയിൽ പിടിച്ച് കിടന്നാണ് ചൂരൽ മല സ്വദേശി വിജയൻ ഉരുള്‍പൊട്ടലിൽ നിന്ന് രക്ഷപ്പെട്ടത്. പക്ഷേ അമ്മയും സഹോദരിയും ഒലിച്ച് പോകുന്നത് നിസ്സഹായതോടെ വിജയന് കാണേണ്ടി വന്നു.  

''രാത്രി ഒന്നരയോടെ വലിയ ശബ്ദമുണ്ടായി. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വീട് കുലുങ്ങുകയായിരുന്നു. അടുത്തുള്ള വീടുകളിലെ ആളുകള്‍ കരയുന്നുണ്ടായിരുന്നു. കുറച്ച് പേരെ രക്ഷപ്പെടുത്തി. അപ്പോഴേക്കും വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഒരു മുറി ഒഴികെ വീട് തകര്‍ന്നു. ജനൽ കമ്പിയിൽ പിടിച്ച് കിടന്നാണ് രക്ഷപ്പെട്ടത്. എന്‍റെ അമ്മയും അനിയത്തിയും ഒലിച്ച് പോകുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്നു. ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അനിയത്തിയുടെ മൃതദേഹം കിട്ടി. അമ്മയെ കിട്ടിയിട്ടില്ല''- നിറക്കണ്ണുകളോടെ വിജയന്‍ പറയുന്നു.