തലശ്ശേരി : വയനാട് മേപ്പാടിയിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഇരയായി ജീവന്‍ നഷ്ടമായവരില്‍ തലശേരി ചേറ്റം കുന്ന് സ്വദേശിയായ വയോധികനും. തലശേരി ചേറ്റംകുന്നില്‍ നിന്നും വയനാട് മേപ്പാടിയിലേക്ക് കുടിയേറിയ പാര്‍ത്ഥനാ (77) ണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നന്ദയെ (67) കാണാതായിട്ടുണ്ട്. ഇതില്‍ പാര്‍ത്ഥന്റെ മൃതദേഹം ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഭാര്യയുടേത് ഇപ്പോഴും ലഭിച്ചിട്ടില്ല. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാര്‍ത്ഥന്‍ വയനാട്ടില്‍ ഒരു കാപ്പിതോട്ടം വിലക്ക് വാങ്ങി തലശേരിയില്‍ നിന്നും കുടിയേറിയത്. അവിടെ എസ്റ്റേറ്റും വീടുമായി കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പാര്‍ത്ഥന്റെ വീട് ഒലിച്ചു പോവുകയായിരുന്നു.
പാര്‍ത്ഥന്റെ മൃതദേഹം കണ്ടുകിട്ടിയെങ്കിലും ഭാര്യ നന്ദയെ കുറിച്ചു യാതൊരു വിവരവുമില്ല. ഇവരുടെ മക്കളായ വൈഷ്ണവ് രാഹുല്‍ കാനഡയിലും മറ്റൊരു മകള്‍ വര്‍ഷ അര്‍ജുന്‍ കൊച്ചിയിലുമാണ് താമസിക്കുന്നത്. പാര്‍ത്ഥന്റെ മൃതദേഹം ജന്മനാടായ ചേറ്റംകുന്നിലെത്തിച്ചു വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു.