നിപ വൈറസ് ബാധ; അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍


നിപ വൈറസ് ബാധ; അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍


മലപ്പുറത്ത് 14കാരന്‍ നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ പരിശോധന ഏര്‍പ്പെടുത്തി. പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ തമിഴ്‌നാട്ടിലേക്ക് പോകുന്നവരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവരുടെ ശരീര താപനില ഉള്‍പ്പെടെ പരിശോധിച്ചാണ് കടത്തിവിടുന്നത്.

നിപ സമ്പര്‍ക്കപ്പട്ടികയില്‍ പാലക്കാട് നിന്നുള്ള രണ്ടുപേരും ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് അതിര്‍ത്തിയില്‍ പരിശോധന ആരംഭിച്ചത്. അതേസമയം 14കാരന്‍ നിപ ബാധിച്ച് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തി. കാട്ടമ്പഴങ്ങയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് പ്രാഥമിക നിഗമനം.

ഐസിഎംആര്‍ സംഘം വിശദമായ പരിശോധന നടത്തും. 14കാരന്‍ അമ്പഴങ്ങ കഴിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.ഇന്ന് സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധന ഫലം പുറത്തുവരും. 350 പേരാണ് നിലവില്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണമുള്ളവരില്‍ നാല് പേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ട് പേര്‍ പാലക്കാട് സ്വദേശികളുമാണ്.

അതേസമയം 14കാരന്റെ സുഹൃത്തുക്കളാരും കാട്ടമ്പഴങ്ങ കഴിച്ചിട്ടില്ല. ഐസിഎംആര്‍ സംഘം മഞ്ചേരി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയില്‍ ഐസിഎംആറിലെ ശാസ്ത്രജ്ഞരും പങ്കാളികളാകും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊബൈല്‍ ലാബ് എത്തുന്നതോടെ പരിശോധനകള്‍ വേഗത്തിലാകും.