അർജുനായി തെരച്ചിൽ തുടരും; ഡ്രഡ്ജിങ് യന്ത്രം തൃശ്ശൂരിൽ നിന്ന് എത്തിക്കും; തീരുമാനം സംയുക്ത യോഗത്തിനൊടുവില്‍


അർജുനായി തെരച്ചിൽ തുടരും; ഡ്രഡ്ജിങ് യന്ത്രം തൃശ്ശൂരിൽ നിന്ന് എത്തിക്കും; തീരുമാനം സംയുക്ത യോഗത്തിനൊടുവില്‍


ബെം​ഗളൂരു: ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരുമെന്ന് അറിയിപ്പ്. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തെരച്ചിൽ തുടരാനുള്ള തീരുമാനം. തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. നദി അനുകൂലമായാൽ മാത്രം നാളെ പരിശോധന നടത്തുമെന്നും അറിയിപ്പിലുണ്ട്. തുടര്‍നടപടികളും ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. 24 മണിക്കൂറിനകം ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കാമെന്ന് എം വിജിന്‍ എംഎല്‍എ പറഞ്ഞു. പ്രായോഗിക പരിശോധൻക്ക് ശേഷം മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കര്‍ണാടകയുടെ മറുപടി. 

കേരളത്തില്‍ നിന്ന് യന്ത്രം എത്തിച്ച് അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തെരച്ചില്‍ വീണ്ടും ആരംഭിക്കുക. കാലാവസ്ഥ പൂര്‍ണ്ണമായി മാറി, തെളിഞ്ഞുനിന്നാല്‍ മാത്രമേ തെരച്ചില്‍ നടത്താന്‍ സാധിക്കൂ എന്നാണ് കാര്‍വാര്‍ എംഎല്‍എയുടെ വിശദീകരണം. എന്നാല്‍ 21ാം തീയതി വരെ ഇവിടെ മഴ പ്രവചനമുണ്ട്. ഇതുവരെയുള്ള 13 ദിവസങ്ങളില്‍ സാധ്യമായതെല്ലാം ചെയ്തു എന്നാണ് എംഎല്‍എ പറയുന്നത്. 

രക്ഷാദൌത്യം നിര്‍ത്തിവെക്കരുതെന്നും തുടരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു. 

തെരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചതായി കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിച്ചിരുന്നു. നടപടിയിൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധമറിയിച്ചിരുന്നു. ​ഗം​ഗാവലി  പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്നു എംഎൽഎയുടെ വിശദീകരണം.