കനത്ത മഴ; മട്ടന്നൂരിൽ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു

കനത്ത മഴ; മട്ടന്നൂരിൽ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു


തിരുവനന്തപുരം| സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടം ഉണ്ടായത്.

കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തിലേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീണ് രണ്ട് ഫീഡറുകള്‍ തകര്‍ന്നു. കനത്ത മഴയില്‍ ആലുവ ശിവ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. കണ്ണൂരിലും കാസര്‍കോടും വീടുകള്‍ തകര്‍ന്നു. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ലോവര്‍പെരിയാര്‍ വൈദ്യുതി നിലയത്തില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. പാറക്കല്ലുകള്‍ വീണ് രണ്ട് ഫീഡറുകള്‍ തകര്‍ന്നു. കല്ലാര്‍കുട്ടി, പാമ്പ്‌ല അണക്കെട്ടുകള്‍ തുറന്നു.

താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തില്‍ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഫയര്‍ ഫോഴ്സും ഹൈ വേ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി മരം മുറിച്ച് മാറ്റി.

പത്തനംതിട്ടയിലും ഇന്നലെ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. പന്തളത്ത് ചുഴലിക്കാറ്റില്‍ നിരവധി പോസ്റ്റുകളും മരങ്ങളും വീണു. പമ്പയില്‍ ജലനിരപ്പുയര്‍ന്നതോടെ അരയാഞ്ഞിലിമണ്‍ കോസ് വേ മുങ്ങി.

വയനാട് പുല്‍പ്പള്ളിയില്‍ വീടിന്റെ മുറ്റത്തോട് ചേര്‍ന്ന 50 അടി താഴ്ച്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. താഴെയങ്ങാടി ചേലാമഠത്തില്‍ തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് തകര്‍ന്നത്. പുല്‍പ്പള്ളിയില്‍ കാറ്റിലും മഴയിലും വര്‍ക്ക് ഷോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. പുളിയംമാക്കല്‍ അരുണിന്റെ താഴെയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എവിഎ. മോട്ടോര്‍സിന്റെ മുകളിലേക്ക് ആണ് തെങ്ങ് വീണത്.